KSDLIVENEWS

Real news for everyone

കോൺഗ്രസ് നേതാവിനൊപ്പം ഓപ്പറേഷൻ ഹസ്ത: സെൽഫി പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി

SHARE THIS ON

എൻമകജെ: കോൺഗ്രസ് നേതാവിന്റെ ‘ഓപ്പറേഷൻ ഹസ്ത’ നിഷേധിച്ചില്ല; പഞ്ചായത്തംഗത്തെ ബിജെപി സസ്പെൻഡ് ചെയ്തു. എൻമകജെ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം മഹേഷ് ഭട്ടിനെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്ത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനിയാണ് നടപടിയെടുത്തത്.പാർട്ടിവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണു നടപടിയെന്ന് ബിജെപി നേതൃത്വം പറയുന്നു. എന്നാൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും പഞ്ചായത്തംഗവുമായ ജെ.എസ്.രാധാകൃഷ്ണ നായിക്കിനൊപ്പമുള്ള സമൂഹമാധ്യമ പോസ്റ്റാണ് മഹേഷ് ഭട്ടിനെതിരായ നടപടിക്കു കാരണം.ഒരുമാസം മുൻപ് പഞ്ചായത്ത് ഓഫിസിൽ ഇരുവരും സെൽഫി എടുത്തിരുന്നു. ‘4 വർഷത്തെ വിജയകരമായ ഓപ്പറേഷൻ. ഓപ്പറേഷൻ ഹസ്ത ഇപ്പോഴും തുടരുന്നു. ഞങ്ങൾ എട്ടല്ല. ഒൻപതാണ്’ എന്ന അടിക്കുറിപ്പോടെയാണ് മഹേഷ് ഭട്ടിനൊപ്പമുള്ള ചിത്രം രാധാകൃഷ്ണ നായിക് പങ്കുവച്ചത്. പോസ്റ്റ് വന്നയുടൻ അതു നിഷേധിച്ച് പരസ്യപ്രസ്താവന ഇറക്കാൻ ബിജെപി നേതൃത്വം മഹേഷ് ഭട്ടിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അദ്ദേഹം തയാറായില്ല. ബിജെപി പഞ്ചായത്ത് കമ്മിറ്റി നൽകിയ കാരണംകാണിക്കൽ നോട്ടിസിനും മറുപടി നൽകിയില്ല. ഇതോടെയാണ് കടുത്ത നടപടിയിലേക്കു കടക്കാൻ ബിജെപി തീരുമാനിച്ചത്. കന്നഡ വിഭാഗത്തിനിടയിൽ നല്ല സ്വാധീനമുള്ളയാളാണ് മഹേഷ് ഭട്ട്. കോൺഗ്രസ് കുത്തകയായിരുന്ന സായ വാർഡിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 350ലേറെ ഏറെ വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജെ.എസ്.സോമശേഖരന്റെ സഹോദരനാണ് പോസ്റ്റിട്ട രാധാകൃഷ്ണ. ഇരുവരുമായും അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് മഹേഷ് ഭട്ട്.കോൺഗ്രസിനു കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ പലതീരുമാനങ്ങളും ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് യുഡിഎഫ് പാസാക്കിയിരുന്നത് എന്ന ആക്ഷേപവും ഉണ്ടായിരുന്നു. ബിജെപി നടപടിയെടുത്ത സാഹചര്യത്തിൽ മഹേഷ് ഭട്ട് കോൺഗ്രസിൽ ചേർന്നേക്കും. പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാക്കാൻ ബിജെപി ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 17 അംഗ എൻമകജെ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ്–8, ബിജെപി–5, എൽഡിഎഫ്–4 എന്നിങ്ങനെയാണ് കക്ഷിനില.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!