ലളിത് മോദിയുടെ ഉദ്ദേശം വ്യക്തമാണ്: അങ്ങനെയുള്ളവര്‍ക്കുള്ളതല്ല വനുവാറ്റു പൗരത്വം; നടപടിയുമായി ദ്വീപ് രാഷ്ട്രം

ദില്ലി: സാമ്ബത്തിക കുറ്റകൃത്യകേസില്‍ അന്വേഷണം നേരിട്ടതോടെ ഇന്ത്യ വിട്ട ഐപിഎല്‍ മുന്‍ മേധാവി ലളിത് മോദിയുടെ പൗരത്വം റദ്ദാക്കാൻ ദ്വീപ് രാഷ്ട്രമായ വനുവാറ്റു.
പ്രധാനമന്ത്രി ജോതം നപാറ്റ് നിർദേശം നല്കി. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളില്‍ ലളിത് മോദിയുടെ ലക്ഷ്യം എന്തെന്ന് വ്യക്തമായെന്ന് ജോതം നപാറ്റ് പറഞ്ഞു. നടപടികളില്‍നിന്നും ഒഴിവാകാനായി വനുവാറ്റു പൗരത്വം നല്‍കാനാവില്ലെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചു.
മുൻ ഐപിഎല്‍ മേധാവി ലീഗിന്റെ തലപ്പത്തിരുന്ന കാലത്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിനാല്‍ ഇന്ത്യൻ ഏജൻസികള്‍ അന്വേഷിക്കുന്നുണ്ടെന്നുള്ള സമീപകാല അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ജോതം നപാറ്റിന്റെ നടപടി. ‘ലളിത് മോദിയുടെ വനുവാറ്റു പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികള്‍ ഉടൻ ആരംഭിക്കാൻ പൗരത്വ കമ്മീഷന് ഞാൻ നിർദ്ദേശം നല്കി’ – പ്രധാനമന്ത്രി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ലളിത് മോദിയുടെ അപേക്ഷയില്‍ ഇന്റർപോള്‍ സ്ക്രീനിംഗുകള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, പൗരത്വം നല്കാതിരിക്കാനുള്ള വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ ലളിത് മോദി ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യാൻ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനില്‍ അപേക്ഷ നല്‍കിയതായി വിവരം ലഭിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

