KSDLIVENEWS

Real news for everyone

കാസര്‍കോട് പൈവളിഗയിൽ കാണാതായ പതിനഞ്ചുകാരിയുടെയും  അയല്‍വാസിയുടെയും മൃതദേഹത്തിന് 3 ആഴ്ച പഴക്കം: പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

SHARE THIS ON

കാസര്‍കോട്: മണ്ടേകാപ്പില്‍ ആത്മഹത്യചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യതന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

പൈവളിഗ സ്വദേശിയായ പത്താംക്ലാസുകാരിയേയും അയല്‍വാസി പ്രദീപി(42)നെയും 26 ദിവസം മുമ്പാണ് കാണാതായത്. ഞായറാഴ്ച രാവിലെ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കുമായി പോലീസ് ദിവസങ്ങള്‍ക്ക് മുമ്പ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

സംഭവത്തില്‍ ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചു. ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പോലീസ് ഇങ്ങനെയാണോ വിഷയം കൈകാര്യംചെയ്യുക എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യാഗസ്ഥന്‍ നാളെ കേസ്ഡയറിയുമായി കോടതി മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കൃത്യമായ പോലീസ് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!