KSDLIVENEWS

Real news for everyone

കൊങ്കണിനെ ഏറ്റെടുക്കാൻ ഇന്ത്യൻ റെയിൽവേ; മംഗളൂരു ഡിവിഷൻ വരും, കർണാടക നീക്കം വിജയത്തിലേക്ക്

SHARE THIS ON

പയ്യന്നൂർ: കൊങ്കണിനെ ഏറ്റെടുത്ത് മംഗളൂരു പ്രത്യേക റെയിൽവേ ഡിവിഷനാക്കാനുള്ള പദ്ധതിയിലേക്ക് കർണാടകം. വർഷങ്ങളായുള്ള നീക്കമാണിതെങ്കിലും ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല പാലക്കാട് ഡിവിഷനിൽനിന്നു മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് ചേർത്തതോടെ ഇതിലെ സുപ്രധാനഘട്ടമായി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിക്കുന്നതോടെ നീക്കം പൂർണമാകും.

സൗത്ത് വെസ്റ്റേൺ റെയിൽവേക്ക് കീഴിൽ മൈസൂരു, ബെംഗളൂരു, ഹുബ്ബള്ളി എന്നിവയ്ക്കൊപ്പം പുതിയ മംഗളൂരു ഡിവിഷൻകൂടി ഉൾപ്പെടുത്താനുള്ള ശ്രമം നേരത്തേ തുടങ്ങിയിരുന്നു. കൊങ്കൺ റെയിൽവേ കോർപ്പറേഷന് കീഴിലുള്ള തൊക്കൂർമുതൽ (മഡ്‌ഗോൺ ഉൾപ്പെടെ) ഗോവ സംസ്ഥാനത്തുവരുന്ന തിവിം സ്റ്റേഷൻവരെ ഏറ്റെടുക്കാനാണ് നീക്കം. 30 സ്റ്റേഷനുകൾ ഇതിലുണ്ട്. ഇതിനൊപ്പം മംഗളൂരു മേഖലയിലെ സ്റ്റേഷനുകളും വരും. റോഹ മുതൽ തിവിം വരെ (38 സ്റ്റേഷനുകൾ) സെൻട്രൽ റെയിൽവേയിൽ ഉൾപ്പെടുത്തും. എന്നാൽ, മഡ്‌ഗോൺ വേണമെന്ന ഇരുസോണുകളുടെയും തർക്കമാണ് ഡിവിഷൻനീക്കം വൈകിപ്പിച്ചത്.

കൊങ്കൺ സ്വന്തമാകും

പരിമിത വരുമാനസ്രോതസ്സുള്ള കൊങ്കണിൽ പാത ഇരട്ടിപ്പിക്കൽ, തുരങ്കനവീകരണം ഉൾപ്പെടെ പ്രവൃത്തികൾ ഇഴയുകയാണ്. ഈ സാഹചര്യത്തിലാണ് കൊങ്കണിനെ റെയിൽവേയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി ലയിപ്പിക്കാൻ തീരുമാനിച്ചത്. കൊങ്കൺ റെയിൽവേയിൽ പങ്കാളികളായ സംസ്ഥാനങ്ങൾ അവരുടെ ഓഹരികൾ തിരികെനൽകണമെന്ന് റെയിൽവേ ബോർഡ് കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു. കേരളം ഉൾപ്പെടെ അത് സമ്മതിച്ചിട്ടുണ്ട്.

22 ശതമാനം ഓഹരിയുള്ള മഹാരാഷ്ട്രയ്ക്ക് 396.54 കോടിരൂപയാണ് തിരികെനൽകേണ്ടത്. കേരളത്തിന് 90 കോടിയോളം രൂപ തിരിച്ചുനൽകണം. 1990-ലാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപവത്കരിച്ചത്. റെയിൽവേ മന്ത്രാലയത്തിൽ 51 ശതമാനം ഓഹരിയും നാല് സംസ്ഥാനങ്ങളിൽനിന്ന് 49 ശതമാനവും ഉണ്ട് (മഹാരാഷ്ട്ര-22 ശതമാനം, കർണാടക-15 ശതമാനം, കേരളം, ഗോവ-ആറു ശതമാനം വീതം). കൊങ്കൺ ഇന്ത്യൻ റെയിൽവേയിൽ ലയിച്ചാൽ സൗത്ത് സെൻട്രൽ റെയിൽവേക്ക് മംഗളൂരുമുതൽ ഗോവവരെ (തിവിം) ലഭിക്കും.‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!