നേപ്പാളിലെ മിന്നൽപ്രളയം, മരണം 500 കടന്നു; 320 ഇന്ത്യക്കാർ ഇപ്പോഴും കാണാമറയത്ത്, 8 മലയാളികളെപ്പറ്റി വിവരമില്ല

ന്യൂഡൽഹി/ തിരുവനന്തപുരം: നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു.ഇന്ന് രാവിലെ മരണം സ്ഥിരീകരിച്ചവരുടെ എണ്ണം 547 ആയി ഉയർന്നു. 1,468 പേരെയാണ് കണ്ടെത്താനുള്ളത്. ആയിരത്തോളംപേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാൾ അധികൃതർ പറയുന്നത്. അതേസമയം, നേപ്പാളിലെ 320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, നൂറോളം ഇന്ത്യൻ വംശജരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇതിനിടെ, എട്ട് മലയാളികളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും നോർക്ക അധികൃതർ അറിയിച്ചു.
നേപ്പാളിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ വിവരങ്ങൾ തേടിയാണ് നോർക്കയിലേക്ക് അന്വേഷണമെത്തിയത്. ഇതിൽ മലയാളികളായ 60 പേരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചതായി നോർക്ക അറിയിച്ചു. 14 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു. അവരുടെ വിവരങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് കൈമാറി. ഓസ്ട്രേലിയൻ മലയാളികളായ നാലുപേരടക്കം കേരളീയരായ എട്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നും നോർക്ക വ്യക്തമാക്കി.
മറ്റു രാജ്യങ്ങളിൽ പൗരത്വമുള്ള നൂറോളം ഇന്ത്യക്കാരെയാണ് കണ്ടെത്താനുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൈലാസ മാനസരോവർ യാത്രയ്ക്ക് പോയവരായിരിക്കാം ഈ ഇന്ത്യൻ വംശജരെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ത്രിശൂലി വൺ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മിന്നൽ പ്രളയമുണ്ടായ ചൈനീസ് ഭാഗത്ത് 400 ഇന്ത്യൻ പൗരന്മാരുണ്ട്. അവർ സുരക്ഷിതരാണ്. അവർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
‘ദുരന്തം ഉണ്ടായ ദിവസം തന്നെ ഇന്ത്യ മാനുഷിക സഹായ പ്രവർത്തനങ്ങൾ ആരംഭിച്ചു, ആദ്യ വിമാനം ഓഗസ്റ്റ് 26-ന് വൈകുന്നേരം പുറപ്പെട്ടു. താൽക്കാലിക ഷെൽട്ടറുകൾ, കമ്പിളികൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, മരുന്നുകൾ എന്നിവ ഉൾപ്പെടുന്ന 10 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ഇതിലുണ്ടായിരുന്നത്. അതിനുശേഷം, രണ്ടാമത്തെ വിമാനം ഇന്നലെ രാവിലെ 10:30-ന് പുറപ്പെട്ടു. ഈ പ്രത്യേക വിമാനത്തിൽ ടെന്റുകൾ, കമ്പിളികൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാമ്പുകൾ, ഡീവാട്ടറിംഗ് പമ്പുകൾ, അടുക്കള സെറ്റുകൾ, ജനറേറ്ററുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്ന 37.5 ടൺ ദുരിതാശ്വാസ വസ്തുക്കളുണ്ട്.
ഇന്ന് വൈകുന്നേരം മൂന്നാമതൊരു വിമാനംകൂടി പോകും. ഈ വിമാനത്തിൽ പോർട്ടബിൾ ജനറേറ്ററുകൾ, ഡിഗ്നിറ്റി കിറ്റുകൾ, ഭക്ഷണം, ജല ശുദ്ധീകരണ ഗുളികകൾ, മരുന്നുകൾ, നേപ്പാൾ സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ എന്നിവ ഉൾപ്പെടും. 13 ടണ്ണോളം വസ്തുക്കൾ ഈ വിമാനത്തിലുണ്ടാകും.’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

