KSDLIVENEWS

Real news for everyone

ഡല്‍ഹിയിലെ ഹോട്ടലില്‍ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗംചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

SHARE THIS ON

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിനിരയായി. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് ഡല്‍ഹി മഹിപാല്‍പുരിലെ ഹോട്ടലില്‍വെച്ച് ബ്രിട്ടീഷ് യുവതിയെ ബലാത്സംഗംചെയ്തത്. സംഭവത്തില്‍ പ്രതിയായ കൈലാഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് ഇയാളുടെ സുഹൃത്തായ വസീം എന്നയാളെയും പോലീസ് പിടികൂടി.

ബ്രിട്ടീഷ് യുവതിയും കൈലാഷും നേരത്തെ ഇന്‍സ്റ്റഗ്രാം വഴി പരിചയമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. മഹാരാഷ്ട്രയിലും ഗോവയിലും അവധിക്കാലം ചെലവഴിക്കാനായാണ് യുവതി അടുത്തിടെ ഇന്ത്യയിലെത്തിയത്. ഇതിനിടെ കൈലാഷിനോടും തനിക്കൊപ്പം യാത്രയില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് യാത്രചെയ്യാനാകില്ലെന്നും പകരം ഡല്‍ഹിയിലേക്ക് വരാനുമാണ് കൈലാഷ് യുവതിയോട് പറഞ്ഞത്. ഇതനുസരിച്ച് ചൊവ്വാഴ്ച യുവതി ഡല്‍ഹിയിലെത്തുകുയും മഹിപാല്‍പുരിലെ ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് അന്നേദിവസം രാത്രി ഹോട്ടല്‍മുറിയിലെത്തിയ കൈലാഷ് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കൈലാഷിനൊപ്പം ഹോട്ടലിലെത്തിയ വസീമും യുവതിക്ക് നേരേ അതിക്രമം കാട്ടിയെന്നും പരാതിയിലുണ്ടായിരുന്നു.

സംഭവത്തില്‍ ബുധനാഴ്ച രാവിലെയാണ് യുവതി വസന്ത്കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ കൈലാഷ് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണെന്നാണ് പോലീസ് പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ബ്രിട്ടീഷ് യുവതിയെ പരിചയപ്പെട്ടതെന്നാണ് ഇയാളുടെയും മൊഴി. ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഗൂഗിള്‍ ട്രാന്‍സലേറ്ററിന്റെ സഹായത്തോടെയാണ് യുവതിയുമായി ആശയവിനിമയം നടത്തിയിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതിനിടെ, ഹോട്ടലിലെ ലിഫ്റ്റില്‍വെച്ചാണ് വസീം വിദേശവനിതയ്ക്ക് നേരേ അതിക്രമം കാട്ടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൈലാഷിന്റെ ഉപദ്രവത്തില്‍നിന്ന് രക്ഷപ്പെട്ട് ഹോട്ടല്‍ റിസപ്ഷനില്‍ വിവരമറിയിക്കാന്‍ പോകുന്നതിനിടെ സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത് വസീം ലിഫ്റ്റില്‍വെച്ച് യുവതിയെ ഉപദ്രവിച്ചെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!