പ്രധാന എതിരാളി ഫോര്‍ച്യൂണര്‍ തന്നെ; എസ്‌യുവി ശ്രേണി പിടിച്ചെടുക്കാനുറച്ച് എംജി മജസ്റ്റര്‍ വരുന്നു

അത്യാഡംബര എംപിവി, ഇലക്ട്രിക് പെര്‍ഫോമെന്‍സ് കാര്‍, പ്രീമിയം എസ്‌യുവി എന്നീ മൂന്ന് വാഹനങ്ങളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് 2025-ല്‍ ഇന്ത്യന്‍ നിരത്തുകള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള പുതിയ മോഡലുകള്‍. ഏതാനും മാസങ്ങളുടെ ഇടവേളയില്‍ വരവിനൊരുങ്ങുന്ന ഈ വാഹനങ്ങളിലെ ഏക ഐസ് എന്‍ജിന്‍ മോഡലായ മജസ്റ്റര്‍ അവതരണത്തിന് മുന്നോടിയായുള്ള പരീക്ഷണയോട്ടങ്ങള്‍ ആരംഭിച്ചു. മൂടിക്കെട്ടി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രീമിയം എസ്‌യുവി ശ്രേണിയില്‍ ഇതിനോടകം എംജി മോട്ടോഴ്‌സ് എത്തിച്ചിട്ടുള്ള ഗ്ലോസ്റ്ററിന്റെ പ്രീമിയം പതിപ്പായിരിക്കും മജസ്റ്റര്‍ എന്നാണ് വിലയിരുത്തലുകള്‍. ടൊയോട്ട ഫോര്‍ച്യൂണര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളോട് മത്സരിക്കാനാണ് മജസ്റ്റര്‍ ഒരുങ്ങുന്നത്. പരീക്ഷണയോട്ടം നടത്തുന്ന ഈ എസ്‌യുവിയുടെ പിന്‍ഭാഗത്തിന്റെ ചിത്രങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, കണക്ടഡ് എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഫൈവ് സ്‌പോക്ക് അലോയി വീല്‍, ഡോറില്‍ നല്‍കിയിട്ടുള്ള റിയര്‍ വ്യൂ മിറര്‍ എന്നിവയാണ് ഈ വാഹനത്തിലുള്ളത്.
2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത് 216 എച്ച്പി പവറും 479 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് മജസ്റ്ററില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടെയുള്ളവയും മജസ്റ്ററിന്റെ കരുത്ത് വര്‍ധിപ്പിക്കും.
കാഴ്ചയില്‍ എം.ജിയുടെ മറ്റ് പല മോഡലുകളെയും പോലെയാണ് ഈ എസ്.യു.വിയും. ബ്ലാക്ക് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകള്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ക്ലാഡിങ്, ഡയമണ്ട് കട്ട് 5 സ്‌പോക് 19 ഇഞ്ച് അലോയ് വീലുകള്‍, രണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ ലൈറ്റുകള്‍, ഗ്ലോസ്ബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കിയ റിയര്‍ ബമ്പര്‍, ഇരട്ട എക്‌സഹോസ്റ്റ് ഔട്ട്‌ലറ്റുകളും നല്‍കിയാണ് മജസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ്- കൂള്‍ഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവര്‍ സീറ്റ്, ത്രീസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 360 ഡിഗ്രി ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെവല്‍ 2 അഡാസ് ഫീച്ചറുകള്‍ എന്നിവയാണ് ഇതില്‍ സുരക്ഷയൊരുക്കുന്നത്.

