KSDLIVENEWS

Real news for everyone

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

SHARE THIS ON

കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ രണ്ട് ദിവസം തടങ്കലില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ നടത്തിയത് വൻ ആസൂത്രണമെന്ന് പൊലീസ്.

പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് അതിജീവിതയെ പ്രതികള്‍ വാഹനമയച്ച്‌ സ്പായിലേക്ക് വിളിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പീഡനത്തിന് ശേഷം തിരികെ പോകുന്നതിനായി യുവതിക്ക് പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കിയതായി പൊലീസ് കണ്ടെത്തി.

പ്രതികളിലൊരാളായ സ്ത്രീയാണ് തന്നെ കൂടുതല്‍ ഉപദ്രവിച്ചതെന്നാണ് അതിജീവിതയുടെ പ്രാഥമിക മൊഴി. മദ്യവും രാസലഹരിയും നല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കേസിലെ രണ്ടാം പ്രതിയായ യുവതിയും നാലാം പ്രതിയും ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സ്‌പായില്‍ മാനേജർ ജോലി ഒഴിവുണ്ടെന്ന വ്യാജേന ഒഎല്‍എക്സില്‍ നല്‍കിയ പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിച്ചത്. ഈ മാസം രണ്ടിന് അഭിമുഖത്തിനായി വിളിച്ചുവരുത്തിയ ശേഷം യുവതിയെ തടങ്കലിലാക്കുകയായിരുന്നു. മദ്യവും ലഹരിമരുന്നും നല്‍കിയതിന് പിന്നാലെ രണ്ട് ദിവസത്തോളം യുവതിയെ തടഞ്ഞുവച്ച്‌ പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്‌ക്കല്‍ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ആകെ നാല് പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലൊരാള്‍ കൊച്ചിയിലെ നാല് സ്പാകളുടെ നടത്തിപ്പുകാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അതിജീവിതയെ അഭിമുഖത്തിനായി വിളിച്ചുവരുത്തിയ പത്തടിപ്പാലത്തെ സ്പായില്‍ പൊലീസ് പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകർത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്‌പായുടെ മറവില്‍ സമാനമായ സംഭവങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!