KSDLIVENEWS

Real news for everyone

പഹല്‍ഗാം ഭീകരാക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് ഇന്ത്യ

SHARE THIS ON

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് വാദിച്ച് പാകിസ്താന്‍. ഇന്ത്യയ്ക്ക് അകത്തുതന്നെയുള്ള വിമത പ്രവര്‍ത്തനങ്ങളാണ് ഇതൊക്കെയെന്നാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ അസീസ് പറഞ്ഞത്. ഇന്ത്യയിലെ നാഗാലാന്‍ഡ് മുതല്‍ കശ്മീര്‍ വരെയും ഛത്തീസ്ഗഡ് മണിപ്പുര്‍, ദക്ഷിണേന്ത്യയിലും കുഴപ്പങ്ങളുണ്ട്. ഇതൊന്നും വിദേശ ഇടപെടലുകള്‍കൊണ്ട് ഉണ്ടാകുന്നതല്ല, പ്രാദേശികമായ സംഘര്‍ഷങ്ങളാണെന്നുമാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രി വാദിച്ചത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഞങ്ങള്‍ക്ക് പങ്കൊന്നുമില്ല. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനെതിരാണ് ഞങ്ങളെന്നും ഖവാജ ആസിഫ് പറഞ്ഞു. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ജനങ്ങള്‍ അതിനോട് പ്രതികരിക്കുകയാണെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി വിശദീകരിക്കുന്നു.

രാജ്യത്തെ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ അതിക്രമങ്ങളാണ് സായുധ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും ഖവാജ ആസിഫ് പറയുന്നു.പട്ടാളത്തിനെയും പോലിസിനെയും ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തുകയാണ്. എന്നിട്ട് എല്ലായ്‌പ്പോഴും പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബലോചിസ്താനില്‍ ഇന്ത്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഖവാജ ആസിഫ് ആരോപിച്ചു.

അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പാക് പിന്തുണയുള്ള റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണം നടത്തിയത്. 29 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനിലുള്ള ലഷ്‌കര്‍ കമാന്‍ഡര്‍ സെയ്ഫുള്ള കസൂരിയാണ് എന്ന വിവരങ്ങള്‍ പുറത്തുവന്നു. അതേ സമയം ആക്രമണം നടത്തിയവരേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!