സുഹൃത്തുക്കളുമായി മദ്യപാനത്തിനിടയിൽ വാക്ക് തർക്കം;
പ്രകോപിതനായി വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്, യുവാവ് അറസ്റ്റിൽ

കണ്ണൂർ: വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. കണ്ണൂർ ,കടലായി സ്വദേശി സിപി. ലിനീഷി (36)നെയാണ് ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
21ന് വൈകുന്നേരം 3.30ന് കണ്ണൂർ റെയിൽവെ സ്റ്റേഷനും സൗത്ത് റെയിൽവെ സ്റ്റേഷനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ മുൻഭാഗത്തെ കോച്ചിന്റെ ഗ്ലാസ് തകർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. എന്നാൽ അക്രമിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടയിൽ റെയിൽവെ ട്രാക്കിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലിരുന്ന് മദ്യപിച്ചവരെ കണ്ടെത്തി ചോദ്യം ചെയ്‌തപ്പോഴാണ് കല്ലെറിഞ്ഞയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്. മദ്യപാനത്തിനിടയിൽ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ പ്രകോപിതനായി പുറത്തിറങ്ങിയ ലിനീഷ് പുറത്തേക്ക് പോയി ട്രെയിനിനു കല്ലെറിയുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തലശ്ശേരി സിജെഎം കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയതു.

