KSDLIVENEWS

Real news for everyone

ഹജ്ജ് 2025: കരിപ്പൂര്‍ വഴി പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കും

SHARE THIS ON

കോഴിക്കോട്: കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് യാത്രതിരിക്കുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന വിവിധ ഏജന്‍സികളുടെ പ്രാഥമിക യോഗത്തില്‍ തീരുമാനം.

കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന തീര്‍ഥാടകരുടെ യാത്രാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഓരോ വിമാനത്തിന്റെയും ലഗേജുകള്‍ കൈമാറുന്നത് വരെ അതത് തീര്‍ഥാടകരുടെ താത്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കും. മുന്‍ വര്‍ഷത്തെപ്പോലെ തന്നെ ഈ വര്‍ഷവും കൂടുതല്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുമെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അറിയിച്ചു.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ രവീന്ദ്രന്‍ സി വി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി, കസ്റ്റംസ്, എയര്‍ലൈന്‍സ്, സി ഐ എസ് എഫ്, എമിഗ്രേഷന്‍ തുടങ്ങി എയര്‍പോര്‍ട്ടിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികള്‍ സംബന്ധിച്ചു.

ഹജ്ജ് കമ്മിറ്റി അസ്സി. സെക്രട്ടറി ജഅ്ഫര്‍ കക്കൂത്ത്, ഹസൈന്‍ പി കെ (ഹജ്ജ് കമ്മിറ്റി), സി ഐ എസ് എഫ് കമാന്‍ഡന്റ്ശങ്കരരാവു ബൈ റെഡ്ഡി, എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുനിത വര്‍ഗീസ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആശിഫ് എ, ജയചന്ദ്രന്‍, മുഹമ്മദ് ജലാലുദ്ദീന്‍, സുജിത് ജോസഫ് (എയര്‍ലൈന്‍സ്), അന്‍വര്‍ സാദത്ത്, യാസര്‍ എ സംബന്ധിച്ചു. 31 വിമാനങ്ങളിലായി 5,361 തീര്‍ഥാടകരാണ് കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര പുറപ്പെടുന്നത്. ആദ്യ യാത്രാ സംഘം മേയ് പത്തിന് പുലര്‍ച്ചെ 1.20ന് പുറപ്പെടും. മെയ് 22നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന വിമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!