KSDLIVENEWS

Real news for everyone

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം: ഉടൻ സോപ്പിട്ട് കഴുകിയില്ല; പ്രാഥമിക ചികിത്സ വൈകിയെന്ന് ഡോക്ടർമാർ

SHARE THIS ON

കോഴിക്കോട്: പേ വിഷബാധയേറ്റ് മരിച്ച മലപ്പുറം സ്വദേശിയായ അഞ്ചര വയസ്സുകാരിയുടെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍. കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള നാല് മുറിവുകള്‍ ഉണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമാണ് മറ്റുമുറിവുകള്‍ ഉണ്ടായത്. തലയിൽ ആഴത്തിലുള്ള മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചത് പ്രതിരോധമരുന്ന് ഫലം ചെയ്യാതിരിക്കാന്‍ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകയാണ് ആദ്യം വേണ്ടത്. അതിലൂടെ ശരീരത്തിലെത്തുന്ന വൈറസിന്റെ എണ്ണം കുറയ്ക്കാനാകും. എന്നാല്‍, കുട്ടിയുടെ കുട്ടിയുടെ മുറിവ് വീട്ടില്‍ വെച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം മാത്രമാണ് കുട്ടിയുടെ മുറിവ് കഴുകിയത്. കുട്ടിയ്ക്ക് ഐഡിആര്‍വി വാക്‌സിന്‍ നല്‍കിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനുള്ള ഇമ്മ്യൂണോ ഗ്ലോബുലിന്‍ അവിടെവെച്ച് നല്‍കിയിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഡോക്ടര്‍മാര്‍ സന്നദ്ധരായെങ്കിലും കുട്ടിയുടെ മുറിവ് ആഴത്തിലുള്ളതായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് ഇആര്‍ഐജി നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മാര്‍ച്ച് 29-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പ്രൊട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നെന്നും മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പേ വിഷബാധ ലക്ഷണങ്ങളോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!