പടന്നക്കാട് ദേശീയപാത നവീകരണത്തിന് 24.9 ലക്ഷം രൂപ അനുവദിച്ചു

കാഞ്ഞങ്ങാട് : ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് സമീപം തകർന്ന റോഡ് നവീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി. ഇതിനായി 24.9 ലക്ഷം രൂപയുടെ അടങ്കൽ തയ്യാറാക്കിയതായി ദേശീയപാത അതോറിറ്റി എക്സി. എൻജിനീയർ ബെന്നി ജോൺ പറഞ്ഞു. ഇതിന്റെ ടെൻഡർ നടപടികളിലേക്ക് പോകാൻ ഒരുങ്ങുകയാണ് അധികൃതർ.
പണിപൂർത്തിയാകുന്നതോടെ പടന്നക്കാട് പാലത്തിന്റെ താഴെ രൂപപ്പെട്ട കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാകും.
കാലവർഷത്തിൽ റോഡ് തകർന്ന് ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയിലാണിപ്പോൾ.
ഇതുസംബന്ധിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ശേഷം റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അബ്ദുൾറസാഖ് തായിലക്കണ്ടി പടന്നക്കാട്ട് ഏകദിന ഉപവാസമിരിക്കുകയും ചെയ്തു.
രണ്ടുദിവസത്തിനകം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ പണി പൂർത്തീകരിക്കാനാണ് അധികൃതരുടെ ശ്രമം.

