വുഹാനിലെത്തിയ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ് പോസിറ്റീവ്; സര്‍ട്ടിഫിക്കറ്റില്‍ നെഗറ്റീവെന്ന് എയര്‍ഇന്ത്യ

ന്യൂഡൽഹി: വന്ദഭാരത് മിഷനിലൂടെ ഡൽഹിയിൽ നിന്ന് ചൈനയിലെ വുഹാനിലെത്തിയ 19 യാത്രികർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വെള്ളിയാഴ്ച വുഹാനിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രികർക്കാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ എല്ലാ സുരക്ഷ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും വിമാനത്തിലെ എല്ലാ യാത്രക്കാരുടെ പക്കലും അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളുണ്ടായിരുന്നുവെന്നും എയർഇന്ത്യ ഇതിനോട് പ്രതികരിച്ചു.
‘അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോർട്ടുകളുള്ള യാത്രികരുമായിട്ടാണ് വുഹാനിലേക്ക് പുറപ്പെട്ടത്. അധികൃതർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു യാത്ര’ എയർഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
എയർഇന്ത്യ വിമാനത്തിലെത്തിയ 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 39 പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായുമാണ് ചൈനീസ് അധികൃതർ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരേയും രോഗലക്ഷണങ്ങളുള്ളവരേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എയർഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തവർക്ക് ഇതാദ്യമായിട്ടല്ല മറ്റു രാജ്യങ്ങളിലെത്തുമ്പോൾ പോസിറ്റീവായി കണ്ടെത്തുന്നത്. മുംബൈയിൽ നിന്നുള്ള ഏതാനും യാത്രക്കാർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഹോംങ്കോങ് നവംബർ 10 വരെ എല്ലാ എയർ ഇന്ത്യ വിമാനങ്ങൾക്കും നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. നാലാം തവണയാണ് ഹോംങ്കോങ് എയർഇന്ത്യക്ക് നിരോധനമേർപ്പെടുത്തുന്നത്. എയർഇന്ത്യ എക്സ്പ്രസിന് ദുബായിലേക്കുള്ള യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

