KSDLIVENEWS

Real news for everyone

വി എസ് ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച നേതാവ്: ഖലീല്‍ ബുഖാരി തങ്ങള്‍

SHARE THIS ON

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആലപ്പുഴ പുന്നപ്രയിലെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍.

വി എസിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

ജനലക്ഷങ്ങളുടെ വേദനകളും ദുരിതങ്ങളും തൊട്ടറിഞ്ഞ് പരിഹാരം നേടിക്കൊടുത്ത, ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച നേതാവായിരുന്നു വി എസ് എന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷത്തിന്റെ വിവിധ മേഖലകളിലുള്ള ഉന്നമനത്തിനായി പാലോളി കമ്മീഷനെ നിയമിച്ച വി എസ്, വിയോജിപ്പുകള്‍ രേഖപ്പെടുത്തിയാല്‍ സഹിഷ്ണുതയോടെ കേള്‍ക്കുകയും നീതിയാണെന്ന് ബോധ്യപ്പെട്ടാല്‍ അത് പ്രാവര്‍ത്തികമാക്കുന്നതിന് എന്തും ചെയ്യുകയും ചെയ്ത നേതാവായിരുന്നു.

‘കാല്‍ നൂറ്റാണ്ട് മുമ്ബ് വി എസ് പ്രതിപക്ഷ നേതാവായിരിക്കെ, എല്ലാ സൗകര്യങ്ങളും അര്‍ഹതയുമുണ്ടായിട്ടും ഞങ്ങളുടെ സ്‌കൂളിന് അംഗീകാരം നല്‍കാതെ പൂര്‍ണമായും തഴയപ്പെട്ട സമയത്ത് ഞങ്ങളുടെ വേദനകളും പ്രയാസങ്ങളും മനസ്സിലാക്കി തിരുവനന്തപുരത്തു നിന്ന് മലപ്പുറം മേല്‍മുറിയിലെ മഅ്ദിന്‍ അക്കാദമിയില്‍ വന്ന് വിഷയങ്ങളെല്ലാം ചോദിച്ചറിയുകയും പരിഹാരം നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടുന്നതിലടക്കം മഅ്ദിന്‍ ഉള്‍പ്പടെയുള്ള സുന്നി സ്ഥാപനങ്ങള്‍ അന്ന് നേരിട്ട പ്രത്യേകമായ അവഗണനകള്‍ കൃത്യമായി മനസ്സിലാക്കി, വിശദമായ തയാറെടുപ്പുകളോടെയാണ് അദ്ദേഹം വന്നതെന്ന് ആ സംഭാഷണത്തില്‍ നിന്നും മനസ്സിലായിരുന്നു. പ്രതിസന്ധികളെ എങ്ങനെ മറികടക്കാനാകുമെന്ന് ഞങ്ങള്‍ കൂട്ടമായി ആലോചിച്ചു. പല അര്‍ഥത്തിലും വഴിത്തിരിവായിരുന്നു ആ കൂടിക്കാഴ്ച.

പിന്നീട് മുഖ്യമന്ത്രിയായിരിക്കെ, 2008ല്‍ മഅ്ദിന്‍ ചരിത്രവീഥി ഡോക്യമെന്ററി പരമ്ബരയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. നേരത്തെ തീരുമാനിച്ച ഒരു യാത്ര കാരണം വിദേശത്തായതിനാല്‍ ഞാന്‍ ആ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മഅ്ദിന്‍ പ്രതിനിധികളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം അപ്പോള്‍ തന്നെ ഫോണില്‍ സംസാരിക്കാനും അടുപ്പം സൂക്ഷിക്കാനും ശ്രദ്ധിച്ചു.

പാലോളി കമ്മീഷന്‍, അലീഗഢ് കാമ്ബസ്, പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങി ന്യൂനപക്ഷങ്ങളുടെ സാമൂഹികോന്നമനം ലക്ഷ്യമാക്കി മുഖ്യമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മുന്‍കൈയില്‍ നടന്ന നീക്കങ്ങളധികവും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമായി അടയാളപ്പെടുത്തേണ്ട വ്യക്തിയാണ് വി എസെന്നും ഖലീല്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് പി എ എം അബ്ദുറഹ്മാന്‍ ദാരിമി, കേരള മുസ്‌ലിം ജമാഅത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച്‌ അബ്ദുല്‍ നാസര്‍ തങ്ങള്‍, ജില്ലാ വൈസ് പ്രസിഡന്റ് സി എ നാസറുദ്ദീന്‍ മുസ്‌ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എ കെ എം ഹാഷിര്‍ സഖാഫി, ജില്ലാ പ്രവര്‍ത്തകസമിതി അംഗം ഹസീം സഖാഫി എന്നിവരും ഖലീല്‍ ബുഖാരി തങ്ങള്‍ക്കൊപ്പം വി എസിന്റെ വസതിയിലെത്തിയിരുന്നു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ വി എസിന്റെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!