KSDLIVENEWS

Real news for everyone

ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജ് പണി പൂർത്തിയായാൽ മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സയ്ക്ക് 500 കിടക്കകൾ

SHARE THIS ON

കാസർകോട്: കാസർകോട് ബദിയടുക്ക ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് കോഴ്സ് ഈ മാസം ആരംഭിക്കുന്നതിന് അനുമതിയായെങ്കിലും നാട്ടുകാർക്ക് ഇതിന്റെ പൂർണ പ്രയോജനം ലഭിക്കുക ഹോസ്പിറ്റൽ കെട്ടിടത്തിന്റെ പണി തീർത്ത് കിടത്തിച്ചികിത്സ പൂർണമായി ആരംഭിച്ചാൽ മാത്രം. എംബിബിഎസ് ബാച്ച് ഈ മാസം തന്നെ പ്രവേശനം നടത്തുമെന്നതിനാൽ നിലവിലുള്ള സാഹചര്യത്തിൽ ഒന്നര വർഷത്തിനകം ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോഴ്സിന്റെ ഭാഗമായി കൂടുതൽ സ്പെഷ്യൽറ്റി വിഭാഗങ്ങളും ഡോക്ടർമാരും എത്തുന്നതോടെ ജില്ലയിലെ രോഗികൾക്ക് ആശ്വാസമാകും.

4 ബ്ലോക്ക്, 500 കിടക്കകൾ 
4 ബ്ലോക്കുകളിലായി 500 കിടക്കകളുള്ള മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം പണി പൂർത്തിയായാൽ ഓപ്പറേഷൻ തിയറ്റർ, അത്യാഹിത വിഭാഗം, വിവിധ ചികിത്സാ വിഭാഗം എന്നിങ്ങനെ സൗകര്യങ്ങളാണ് ഉണ്ടാവുക. 50 കോടിയോളം രൂപയാണ് ആശുപത്രി ബ്ലോക്കിനു വേണ്ടി ഇതിനകം ചെലവിട്ടത്.കെട്ടിടങ്ങളുടെ സിവിൽ വർക്ക് 57 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പടിപടിയായി 4 ബ്ലോക്കിന്റെയും പണി തീർക്കുകയാണ് ലക്ഷ്യം.

കിഫ്ബി സഹായത്തോടെയുള്ള 56 കോടി രൂപയുടെ രണ്ടാം ഘട്ടം നിർമാണം കിറ്റ്കോ വഴിയാണ് ചെയ്യുന്നത്. 6 മാസത്തിനകം ഒരു ബ്ലോക്കിന്റെ പണി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്കൽ ഉൾപ്പെടെ 25 കോടി രൂപയുടെ പ്രവൃത്തികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി മുഖേനയാണ് ചെയ്യുന്നത്. സിവിൽ ജോലികളുടെ ഒപ്പം ഇതും പൂർത്തിയാകും.

പുതിയ കരാറുകാരൻ 
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി നിലച്ചതിനാൽ പുതിയ ടെൻഡർ നടപടിക്ക് ശേഷം കരാറുകാരനെ കണ്ടെത്തണം. കിറ്റ്കോയ്ക്കാണ് ഇതിന്റെ ചുമതല. നിലവിലെ കരാറുകാരന് നൽകാനുള്ള 3 കോടിയോളം രൂപ നൽകി പകരം പുതിയ കരാറുകാരനെ കണ്ടെത്തി ഹോസ്പിറ്റൽ ബ്ലോക്ക് പണി പുനരാരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!