പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്; അക്രമം തുടരുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ക്ക് അയവില്ല. ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും സമിക് ഭട്ടാചാര്യയും സമാധാനത്തിന് ആഹ്വാനം നല്‍കിയിട്ടും സംസ്ഥാനമൊട്ടാകെ വ്യാപകമായി ബിജെപി അനുകൂലികള്‍ അക്രമം തുടരുകയാണ്.
വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം സംസ്ഥാനത്ത് നാല് പേർ കൊല്ലപ്പെട്ടതായാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ന്യൂ മാർക്കറ്റ് ഏരിയയില്‍ ബിജെപി പ്രവർത്തകർ ബുള്‍ഡോസർ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസും സമീപത്തെ ഇറച്ചിക്കടയും തുണിക്കടയും തകർത്തു.
കൊല്‍ക്കത്തയിലെ ഒരു പ്രമുഖ സ്കൂളിലെ ബസ് അറ്റൻഡന്റ് കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്. മുതിർന്ന തൃണമൂല്‍ നേതാവായ ശോഭൻദേബ് ചതോപാധ്യായയുടെ വീടിന് നേരെ ആക്രമണമുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമം തടയാൻ കർശന നടപടി സ്വീകരിക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഉത്തരവിട്ടു. കൊല്‍ക്കത്തയില്‍ ഇതുവരെ 80 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെസിബികളോ ബുള്‍ഡോസറുകളോ ഉപയോഗിച്ചുള്ള പ്രകടനങ്ങള്‍ നിരോധിച്ച് കൊല്‍ക്കത്ത പോലീസ് കമ്മീഷണർ ഉത്തരവിട്ടു.
സംസ്ഥാനത്ത് സമാധാനം തകർക്കുന്ന ബിജെപി പ്രവർത്തകരെ പാർട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ മുന്നറിയിപ്പ് നല്‍കി. നിയമം കൈയ്യിലെടുക്കരുതെന്ന് സുവേന്ദു അധികാരിയും അഭ്യർത്ഥിച്ചു. മുർഷിദാബാദ് ജില്ലയില്‍ ലെനിൻ്റെ പ്രതിമ ബിജെപി തകർത്തെന്ന് സിപിഎമ്മും ആരോപിക്കുന്നു. നോർത്ത് 24 പർഗനാസ് ജില്ലയില്‍ രണ്ട് പൊലീസുകാർക്ക് വെടിയേറ്റതായി വിവരമുണ്ട്. ചേരിതിരിഞ്ഞ് രണ്ട് സംഘങ്ങള്‍ പരസ്പരം വെടിയുതിർത്തതാണ് കാരണം. ഇതുവരെ 85 പേരെ കൊല്‍ക്കത്ത നഗരത്തില്‍ മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങള്‍ക്കിടയില്‍ വ്യാപകമായി കടകളും മറ്റും കൊള്ളയടിക്കപ്പെടുന്നുവെന്നും പൊലീസ് പറയുന്നു.

