KSDLIVENEWS

Real news for everyone

ഹിന്ദിയോട് ഇഷ്ടംകൂടി റഷ്യ: സർവകലാശാലകളിൽ ഹിന്ദിപഠനം വ്യാപകമാക്കുന്നു

SHARE THIS ON

മോസ്‌കോ: രാജ്യത്തെ സർവകലാശാലകളിൽ ഹിന്ദി പഠിക്കാനുള്ള അവസരം ഗണ്യമായി വർധിപ്പിക്കാൻ റഷ്യ ഒരുങ്ങുന്നു. ഹിന്ദിഭാഷയ്ക്കുള്ള ആവശ്യകതയുയരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് റഷ്യൻ ഉന്നതവിദ്യാഭ്യാസ സഹമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലെവ്‌സ്‌കി പറഞ്ഞു. “കൂടുതൽ വിദ്യാർഥികൾ ഹിന്ദി പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്. കൂടാതെ ഇന്ത്യക്കാർ ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ അതിനനുസരിച്ച് നാം നടപടിയെടുക്കേണ്ടതുണ്ട്” -മന്ത്രി പറഞ്ഞു.

സമീപവർഷങ്ങളിലായി റഷ്യൻ വിദ്യാർഥികൾക്ക് ഹിന്ദിയോടുള്ള പ്രിയം കൂടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മോസ്‌കോയിൽ മാത്രം എംജിഐഎംഒ, ആർഎസ്‍യുഎച്ച്, മോസ്‌കോ സർവകലാശാലയിലെ ഏഷ്യൻ-ആഫ്രിക്കൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്, മോസ്‌കോ സ്‌റ്റേറ്റ് ലിംഗ്വിസ്റ്റിക് സർവകലാശാല എന്നിവിടങ്ങളിൽ ഹിന്ദി പഠിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സെയ്ന്റ് പീറ്റേഴ്‌സ് ബർഗ് സ്റ്റേറ്റ് സർവകലാശാല, കസാൻ ഫെഡറൽ സർവകലാശാല എന്നിവയൊക്കെ ഹിന്ദി കോഴ്‌സുകൾ വിപുലീകരിക്കുകയാണെന്നും അറിയിച്ചു.

യുഎസുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്ന അവസരത്തിലാണ് റഷ്യയുടെ ഹിന്ദി പഠിപ്പിക്കൽനീക്കം. കഴിഞ്ഞയാഴ്ച ചൈനയിലെ ടിയാൻജിനിൽനടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ‍ പ്രസിഡന്റ് വ്ലാദിമിർ പുതിനും നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ വിവിധമേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!