വെളിച്ചെണ്ണക്കച്ചവടം നഷ്ടമായതോടെ ലോട്ടറി കച്ചവടവും തുടങ്ങി: വിറ്റത് 25 കോടിയുടെ ഭാഗ്യടിക്കറ്റ്; അന്തംവിട്ട് മിനി ഭാഗ്യവാന്

കൊച്ചി:’ അന്തംവിട്ട് കുന്തംവിഴുങ്ങി നില്‍ക്കുകയാണ് ഞാന്‍. ചത്താല്‍ പത്രത്തിലെ ചരമപ്പേജില്മാത്രം പടം വരാന്‍ സാധ്യതയുള്ള ഒരു സാധാരണക്കാരനല്ലേ ഞാന്‍. ഇപ്പോഴിതാ എന്റെ പടം എടുക്കാന്‍ പത്രക്കാരും ചാനലുകാരുമൊക്കെ തിക്കിത്തിരക്കുകയല്ലേ…” പഴകിത്തുരുമ്പിച്ച വെളിച്ചെണ്ണയാട്ടുന്ന യന്ത്രത്തിനിരികില് നിന്ന് ചിരിയോടെ പറയുമ്പോള്‍ ലതീഷിന്റെ മുഖത്ത് ഒരു നാടിന്റെ മുഴുവന്‍ ആകാംക്ഷയുണ്ടായിരുന്നു. അതിന്റെ അടയാളംപോലെ അടുത്തനിമിഷം ആ ഡയലോഗെത്തി, ”ഞങ്ങള്‍ നെട്ടൂരുകാരൊക്കെ പാവങ്ങളാണ്. എന്റെ നാട്ടുകാരന് തന്നെയായിരിക്കണേ ഓണം ബമ്പര്‍ അടിച്ചത്. ഭാഗ്യവാനേ നീ എവിടെ?…”
ഓണം ബമ്പര്‍ ലോട്ടറിയില്‍ ഒന്നാംസമ്മാനമായ 25 കോടി രൂപയുടെ നറുക്കെടുപ്പുഫലം വന്നപ്പോള്‍ ആ ടിക്കറ്റ് വിറ്റ ഏജന്റ് എം.ടി. ലതീഷ് ശരിക്കും ‘കിളി പോയ’ അവസ്ഥയില്‍ തന്നെയായിരുന്നു. കോടീശ്വരന് ആരായിരിക്കുമെന്ന ആകാംക്ഷയില്‍ നാട്ടുകാരും പത്രക്കാരുമൊക്കെ എറണാകുളം നെട്ടൂരിലെ കടയുടെ മുന്നില്‍ തടിച്ചുകൂടിയതോടെ ലതീഷും വിയര്‍ത്തുപോയി. ”ഓണം ബമ്പര്‍ നറുക്കെടുപ്പ് തുടങ്ങിയപ്പോള്‍തന്നെ ഞാന്‍ ആകാംക്ഷയിലായിരുന്നു. ഒന്നാംസമ്മാനമെങ്ങാനും ഞാന്‍ വിറ്റ ടിക്കറ്റിന് ലഭിച്ചാലോയെന്ന് വെറുതെ ചിന്തിച്ചതുമാണ്. എന്തായാലും ഇവിടെ അടുത്തുള്ള ആരോ തന്നെയാണ് ടിക്കറ്റ് എടുത്തുകൊണ്ടുപോയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓണം ബമ്പര്‍ വന്നതിന്റെ പിറ്റേദിവസം മുതല്‍ ഞാന്‍ കടയില്‍ ടിക്കറ്റ് വില്ക്കാന് തുടങ്ങിയതാണ്. നാലുസ്ഥലങ്ങളില്‍ നിന്നായി 1200 ടിക്കറ്റാണ് വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്. അതിലൊന്നിലാണല്ലേ ദൈവമേ… ഭാഗ്യവാന് ഒളിച്ചിരുന്നത്.” ലതീഷിന്റെ വാക്കുകളില്‍ അദ്ഭുതം നിറഞ്ഞു.
കുമ്പളം സ്വദേശിയായ ലതീഷ് വര്‍ഷങ്ങളായി നെട്ടൂരില്‍ വെളിച്ചെണ്ണക്കച്ചവടം നടത്തുന്ന ആളാണ്. സമീപകാലത്ത് കച്ചവടം നഷ്ടമായതോടെയാണ് കടയില്‍ വെളിച്ചെണ്ണയ്ക്കൊപ്പം ഏതാനും ലോട്ടറി ടിക്കറ്റുകൂടി വില്‍പ്പനയ്ക്ക് വെച്ചത്.
ഒരുവര്‍ഷം മുന്‍പുമാത്രം തുടങ്ങിയ ലോട്ടറിക്കച്ചവടത്തിലൂടെ ലതീഷിനെ ഭാഗ്യം നന്നായി തന്നെ കടാക്ഷിച്ചുതുടങ്ങിയിരുന്നു. രണ്ടുമാസം മുന്‍പ് ലതീഷ് വിറ്റ ടിക്കറ്റിന് ഒരുകോടി രൂപ സമ്മാനം ലഭിച്ചിരുന്നു. ഇപ്പോള്‍ 25 കോടി രൂപയും അടിച്ചതോടെ രണ്ടരക്കോടി രൂപ കമ്മിഷനായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ ‘മിനി ഭാഗ്യവാന്’.
പത്താംക്ലാസ്വരെ മാത്രം പഠിച്ച ലതീഷ് പലചരക്ക് കടയില്‍ ജോലി ചെയ്യുന്നതിനിടെ കല്യാണം കഴിച്ചപ്പോഴാണ് അച്ഛന് ഒരു വെളിച്ചെണ്ണക്കട ഇട്ടുകൊടുത്തത്. അച്ഛന്റെ ജന്മനക്ഷത്രം രോഹിണിയായതിനാല്‍ അതേപേരില്‍ രോഹിണി ട്രേഡേഴ്സ് എന്നാണ് ലതീഷ് വെളിച്ചെണ്ണക്കടയ്ക്ക് പേരിട്ടത്.
ഭാര്യ രാധികയും മക്കളായ അശ്വിനും ആശിഷും അടങ്ങുന്ന കുടുംബവും അപ്രതീക്ഷിതമായെത്തിയ ബംബര്‍ ഭാഗ്യത്തിന്റെ ആഹ്ലാദത്തിലാണ്. സന്തോഷം പങ്കിടുന്നതിനിടയിലും ലതീഷ് ആ ചോദ്യത്തില്‍ തന്നെയായിരുന്നു, ”എന്നാലും എന്റെ ഭാഗ്യവാനേ…, നീ എവിടെ?’

