KSDLIVENEWS

Real news for everyone

ഡിസംബറിൽ കമമീഷൻ ചെയ്യും ; പ്രകാശം പരത്താൻ പൈവളിഗെയിൽ സോളാർ പാർക്കും

SHARE THIS ON

കാസർഗോഡ് : ജില്ല വൈദ്യുതി രംഗത്തും കുതിക്കുന്നു. കെഎസ്‌ഇബിയുടെ സംയുക്തസംരംഭമായ പൈവളിഗെ സോളാർ വൈദ്യുതി പാർക്ക്‌ തയ്യാറായി. 50 മെഗാവാട്ട്‌ ശേഷിയുള്ള പാർക്ക്‌ ഡിസംബറിൽ കമീഷൻ ചെയ്യും. പൈവളിഗെയിൽ 250 ഏക്കർ ഭൂമിയിലാണ്‌ പാർക്ക്‌. 265 കോടി രൂപ ചെലവിട്ടുള്ള പാർക്കിൽ 400 വാട്ട്‌ ഉലപാദന ശേഷിയുള്ള പുത്തൻ പാനലുകളാണ്‌ ഘടിപ്പിച്ചിച്ചിട്ടുള്ളത്‌. മറ്റുളളവയേക്കാളും 25 ശതമാനം യൂണിറ്റ്‌ അധികം വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇതിലൂടെ കഴിയും. 33 കെവി ലൈനിൽ കുബനൂർ സബ്‌സ്‌റ്റേഷനിലേക്ക്‌ വൈദ്യുതി എത്തിക്കും. സ്വീഡനിൽ നിന്നിറക്കുമതി ചെയ്‌ത പ്രത്യേകം പൊതിഞ്ഞ ലൈൻ കമ്പികളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ടാറ്റാ പവറിനാണ്‌ പാർക്കിന്റെ നിർമാണ ചുമതല. 93 ശതമാനം പ്രവൃത്തിയും പൂർത്തിയായി. ഹൈഡ്രോ ഇലക്‌ട്രിക്ക്‌ ഡെവലപ്പ്‌മെന്റ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയാണ്‌ ചെലവ്‌ നിർവഹിച്ചത്‌.

അമ്പലത്തറയിൽ
50 മെഗാവാട്ട്‌
സംസ്ഥാനത്ത്‌പ്രധാനമായും കാസർകോട്‌ ജില്ലയിലാണ്‌ സോളാർ പാർക്കുകൾ സ്ഥാപിച്ചിട്ടുള്ളത്‌. അമ്പലത്തറയിലെ 50 മെഗാവാട്ട്‌ പാർക്ക്‌ നേരത്തെ കമീഷൻ ചെയ്‌തു. 250 ഏക്കർ ഭൂമിയിലാണ്‌ പദ്ധതി. 300 വാട്ട്‌ ഉൽപാദനശേഷിയുള്ള പാനലുകളാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. 325 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം നടത്തിയത്‌. ഇന്ത്യൻ റിന്യൂവബിൾ ഡെവലപ്‌മെന്റ്‌ ഏജൻസി മുഖേനയാണ്‌ ഫണ്ട്‌ ലഭിച്ചത്‌. 220 കെവി സബ്‌സ്‌റ്റേഷൻ വഴിയാണ്‌ കെഎസ്‌ഇബി ഗ്രിഡിലേക്ക്‌ വൈദ്യുതി എത്തിക്കുന്നത്‌. ചീമേനിയിൽ 475 ഏക്കർ ഭൂമിയിൽ 100 മെഗാവാട്ട്‌ സോളാർ പാർക്കാണ്‌ അടുത്ത ലക്ഷ്യം. ജില്ലയിൽ നിന്ന്‌ 200 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഇത്‌ സാധ്യമായാൽ ഗ്രീൻ കോറിഡോർ പദ്ധതിയിൽ കോടികളുടെ ആനുകൂല്യം സംസ്ഥാനത്തിന്‌ ലഭിക്കും.
കെഎസ്‌ഇബിയും സോളാർ എനർജി കോർപറേഷൻ ഓഫ്‌ ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമായ റിന്യൂവബിൾ പവർ കോർപറേഷൻ ഓഫ്‌ കേരളയാണ്‌ സോളാർ പാർക്കിന്റെ നോഡൽ ഏജൻസി. പാർക്കിൽ അടിസ്ഥാന സൗകര്യമൊരുക്കി സ്വകാര്യ സംരംഭകർക്ക്‌ പാട്ടത്തിന്‌ നൽകും. 30 ശതമാനം സബ്‌സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകും. 2019–- 20 വർഷം മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ നാല്‌ ശതമാനം സൗരോർജത്തിൽ നിന്നാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!