ട്രംപിന്റെ മരുമകൻ ഈജിപ്തിൽ: ഹമാസ്-ഇസ്രയേൽ ചർച്ചകളിൽ പങ്കെടുക്കും; എങ്ങുമെത്താതെ അനുരഞ്ജനം

കെയ്‌റോ: ഇസ്രയേൽ- ഹമാസ് ചർച്ചകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരേദ് കുഷ്‌നർ ഈജിപ്തിലെത്തി. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിനൊപ്പമാണ് കുഷ്‌നർ ചർച്ചയ്ക്കായി എത്തിയത്. ചൊവ്വാഴ്ച നടന്ന രണ്ടാം ദിവസത്തെ ചർച്ചകൾ കാര്യമായ ഫലമില്ലാതെ അവസാനിച്ച സാഹചര്യത്തിലാണ് ഇവരുടെ വരവെന്ന് മുതിർന്ന പലസ്തീൻ ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞു.
അതേസമയം, 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാർഷികം ഇസ്രയേൽ ആചരിക്കുന്നതിനിടെ, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രതികരിച്ചില്ല. എങ്കിലും നിർണ്ണായകമായ തീരുമാനങ്ങളുടെ ദിവസങ്ങളിലാണ് ഇസ്രയേലെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ യുദ്ധലക്ഷ്യങ്ങൾ നേടുന്നതിനായി ഇസ്രയേൽ തുടർന്നും പ്രവർത്തിക്കുമെന്ന് നെതന്യാഹു എക്‌സ് പോസ്റ്റിൽ കുറിച്ചു. ‘തട്ടിക്കൊണ്ടുപോയ എല്ലാവരെയും തിരികെ കൊണ്ടുവരിക, ഹമാസ് ഭരണം ഇല്ലാതാക്കുക, ഗാസ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുക.’ നെതന്യാഹു പറഞ്ഞു.
പ്രധാന മധ്യസ്ഥനായ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയും ചർച്ചകളിൽ പങ്കുചേരും. തുർക്കി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അദ്ദേഹത്തോടൊപ്പം ചേരും.
ഗാസയിൽനിന്നുള്ള ഇസ്രയേലിന്റെ പിൻവാങ്ങലും ഭൂപടങ്ങളെക്കുറിച്ചുള്ള തർക്കങ്ങളും ഇസ്രയേൽ വീണ്ടും പോരാട്ടം ആരംഭിക്കില്ലെന്ന് ഉറപ്പാക്കാൻ ഹമാസ് ആവശ്യപ്പെടുന്ന ഉറപ്പുകളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും കാരണം ചൊവ്വാഴ്ച്ചത്തെ ചർച്ചകൾ എവിടെയുമെത്തിയില്ല. എന്നാൽ, ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കാൻ മധ്യസ്ഥർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.
സ്ഥിരമായ വെടിനിർത്തൽ, ഹമാസിന്റെ കൈവശമുള്ള ബന്ദികളെ പലസ്തീൻ തടവുകാർക്കും ഗാസയിൽനിന്നുള്ള തടവുകാർക്കുമായി കൈമാറ്റം ചെയ്യൽ, ഗാസയിൽനിന്ന് ഇസ്രയേലി സൈന്യത്തെ പിൻവലിക്കൽ, മാനുഷിക സഹായ വിതരണത്തിനുള്ള ക്രമീകരണങ്ങൾ, യുദ്ധാനന്തരമുള്ള പ്രദേശത്തിന്റെ ഭരണം എന്നിങ്ങനെ അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഒരു പലസ്തീൻ ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞു.
ഗൗരവവും ഉത്തരവാദിത്തവുമുള്ള ചർച്ചകൾ നടത്താനാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് കഴിഞ്ഞ മാസം ഖത്തർ തലസ്ഥാനത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടിരുന്ന ഹമാസിന്റെ മുഖ്യ മധ്യസ്ഥൻ ഖലീൽ അൽ ഹയ്യ ഈജിപ്ഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള അൽ ഖാഹിറ ന്യൂസ് ടിവിയോട് പറഞ്ഞു. ഒരു കരാറിലെത്താൻ ഹമാസ് തയ്യാറാണെന്നും എന്നാൽ, യുദ്ധം അവസാനിക്കുമെന്നും പുനരാരംഭിക്കില്ലെന്നും ട്രംപിൽനിന്നും അന്താരാഷ്ട്ര സമൂഹത്തിൽനിന്നും യഥാർത്ഥ ഉറപ്പുകൾ ആവശ്യമാണെന്നും ഹയ്യ പറഞ്ഞു.
അതേസമയം, ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കാൻ എല്ലാ കക്ഷികളോടും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. സംഘർഷം അവസാനിപ്പിക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

