പ്രതിഷേധം തുടർന്ന് ചാണ്ടി ഉമ്മൻ: വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്നും എക്സിറ്റായി; നീരസം അറിയിച്ച് കെ.സി.

കോട്ടയം: അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം നിഷേധിച്ചതിൽ പരസ്യവിമർശനം ഉന്നയിച്ച പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനോട് നീരസം പ്രകടിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചാണ്ടിയെ വിളിച്ച് സംസാരിച്ചതായാണ് സൂചന.
അതേസമയം, തന്റെ അതൃപ്തി ശക്തമാക്കിയ ചാണ്ടി വെള്ളിയാഴ്ച രാവിലെ കെപിസിസിയുടെ പല വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്നും എക്സിറ്റായി. വെള്ളിയാഴ്ച റാന്നിയിൽ നടന്ന കോൺഗ്രസിന്റെ വിശ്വാസസംരക്ഷണയാത്രയുടെ പൊതുയോഗത്തിൽനിന്ന് ചാണ്ടി വിട്ടുനിന്നു. ഉദ്ഘാടകനായിരുന്നു അദ്ദേഹം. ശനിയാഴ്ചത്തെ പദയാത്രയിലും അദ്ദേഹം പങ്കെടുക്കുമോ എന്നതിൽ അനിശ്ചിതാവസ്ഥയുണ്ട്. കോൺഗ്രസ് പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ. ശിവദാസൻനായരെ ഒഴിവാക്കിയതിലും അദ്ദേഹം വിഷമമറിയിച്ചതായാണ് സൂചന.
പല വാട്സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും, സന്ദേശങ്ങൾ വന്നുകുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഏത് ഗ്രൂപ്പുകളിൽനിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ അഭിപ്രായം പാർട്ടിവിരുദ്ധമായിരുന്നില്ല. തന്നെ ഔട്ട് റീച്ച് സെൽ ചെയർമാൻസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലുള്ള വേദന പറഞ്ഞതിനൊപ്പം, പാർട്ടിതീരുമാനത്തിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. അബിൻ വർക്കിയെ ഒഴിവാക്കിയതിലും അഭിപ്രായം പറഞ്ഞശേഷം, പാർട്ടിനിലപാട് അംഗീകരിക്കുന്നതായി വ്യക്തമാക്കി.
അതേസമയം, വ്യാഴാഴ്ചത്തെ ചാണ്ടിയുടെ പ്രതികരണം കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും വലിയ ചർച്ചയായി. രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള നേതാവാണ് അബിൻ. അബിനെ ഒഴിവാക്കിയതിൽ ഐ ഗ്രൂപ്പിന്റെ അതൃപ്തി നിലനിൽക്കേയാണ്, അവർക്ക് പിന്തുണയുമായി ചാണ്ടിയുടെ വരവ്. ഇതോടെ ഹൈക്കമാൻഡിലെ ചിലർക്കെതിരേ എ, ഐ ഗ്രൂപ്പുകളുടെ ഐക്യപ്പെടലുമുണ്ടായി. കോൺഗ്രസ് പുനഃസംഘടനയിൽ അതൃപ്തരായവരും ഈ കൂട്ടായ്മയിലേക്ക് വന്നു.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒ. ജെനീഷ് വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥനയ്ക്കെത്തിയപ്പോഴാണ് ചാണ്ടിയുടെ പ്രതികരണമുണ്ടായത്. സംഘടനയ്ക്കുവേണ്ടി കഷ്ടപ്പെട്ട നേതാവാണ് അബിനെന്നും, പുനഃസംഘടനയിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കേണ്ടതായിരുന്നു എന്നുമാണ് ചാണ്ടി പറഞ്ഞത്. തനിക്കും സമാനമായ അനുഭവമുണ്ടായത് ഓർമ്മിപ്പിച്ചു. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ചെയർമാൻസ്ഥാനത്തുനിന്ന് തന്റെ പിതാവിന്റെ ഒന്നാം ഓർമ്മദിനത്തിൽ തന്നെ പുറത്താക്കിയ വിഷയം ചാണ്ടി വീണ്ടും അവതരിപ്പിച്ചു. ബോധപൂർവം അപമാനിക്കാനായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

