കാസർകോട് ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കയറി അക്രമം; യുവാവിനും ഡോക്ടർക്കും പരുക്ക്

കാസർകോട്: പരുക്കേറ്റ് ചികിത്സതേടിയെത്തിയ യുവാവിനെ അത്യാഹിത വിഭാഗത്തിൽ കയറി ആക്രമിച്ചു. ആക്രമണത്തിൽ യുവാവിനും വനിതാ ഡോക്ടർക്കും പരുക്കേറ്റു. നായൻമാർമൂല മിനി എസ്റ്റേറ്റിലെ സി.എ.ഷിഹാബ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.എം.എസ്.സ്നേഹ എന്നിവർക്കാണു പരുക്കേറ്റത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം.
സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്കത്തെ തുടർന്നാണു സംഭവം. മൂത്ത സഹോദരൻ സി.എ.മുഹമ്മദ്കുഞ്ഞിയുടെ സുഹൃത്ത് ഷാനിദിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഷിഹാബ് ചികിത്സ തേടിയാണ് ജനറൽ ആശുപത്രിയിൽ എത്തിയത്. ഷാനിദ് പിന്നിൽനിന്ന് ചവിട്ടിയെന്നു ഷിഹാബ് പറഞ്ഞു. ആക്രമണത്തിൽ കാലിനു പരുക്കേറ്റതായി ഡോ.എം.എസ്.സ്നേഹ പൊലീസിനു മൊഴി നൽകി. ഷാനിദിനെതിരെ ടൗൺ പൊലീസ് കേസെടുത്തു.
ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്കു മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അക്രമിയെ രക്ഷപ്പെടാൻ അനുവദിച്ചെന്നും ആരോപിച്ചു ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ വിദ്യാനഗർ ചുടുവളപ്പിലെ തറവാട്ടിലെ തോട്ടത്തിലേക്കു തൊഴിലാളികളുമായി പോയപ്പോഴാണു സംഭവങ്ങളുടെ തുടക്കം. തറവാടിന്റെ ഗേറ്റ് പൂട്ടിയ മുഹമ്മദ്കുഞ്ഞി ഷാനിദിനെ വിളിച്ചുവരുത്തി കാർ തകർക്കുകയും മർദിക്കുകയും ചെയ്തതായി ഷിഹാബ് പരാതിപ്പെട്ടു. തടയാനെത്തിയ പിതാവ് ശംസുദ്ദീനെയും മർദിച്ചതായി ഷിഹാബ് പറയുന്നു.

