KSDLIVENEWS

Real news for everyone

കേരളത്തിലേക്കുള്ള ഓട്ടം നിര്‍ത്താന്‍ പ്രൈവറ്റ് ബസുകള്‍: ഓള്‍ ഇന്ത്യ പെര്‍മിറ്റെങ്കിലും സംസ്ഥാന നികുതി വേണം

SHARE THIS ON

ചെന്നൈ: പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ തുടരുമെന്ന് കേരള ഗതാഗതവകുപ്പ് വ്യക്തമാക്കിയതോടെ തമിഴ്നാട്ടില്‍നിന്ന് സംസ്ഥാനത്തേക്കുള്ള സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ കേരളത്തിലേക്കുള്ള ബസ്സോട്ടം ശനിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബസുകള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍പ്പോലും സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍ അതത് റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. സീറ്റിന്റെ എണ്ണമനുസരിച്ച് ഒരു ബസ് ഒരു ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ കേരളത്തിന് പാദവാര്‍ഷിക നികുതി അടയ്ക്കണം. എന്നാല്‍, നികുതി നല്‍കാതെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ബസുകള്‍ മിക്കതും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

അമിതവേഗം, എയര്‍ ഹോണുകളുടെ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെയും രേഖകളിലെയും ക്രമക്കേട് തുടങ്ങി നിയമലംഘനങ്ങള്‍ വേറെയുമുണ്ട്. ഇവ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച നടത്തിയ പരിശോധനകളിലാണ് തമിഴ്നാട്ടില്‍നിന്നുള്ള ബസുകള്‍ പിടിച്ചെടുത്തത്. കേന്ദ്രനിര്‍ദേശമനുസരിച്ച് അതിര്‍ത്തിയിലെ ചെക് പോസ്റ്റുകള്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് വാഹന പരിശോധന നടക്കുന്നില്ലായിരുന്നു. ഇതിന്റെ മറവില്‍ നിയമലംഘനം പെരുകുകയും ദീര്‍ഘദൂര ബസ്സുകള്‍ അപകടങ്ങളില്‍പ്പെടുന്നത് പതിവാകുകയും ചെയ്തപ്പോഴാണ് വെള്ളിയാഴ്ച സ്‌ക്വാഡുകള്‍ ഇറങ്ങി വാഹനപരിശോധന നടത്തിയത്.

തമിഴ്നാട്ടില്‍നിന്നുള്ള 30-ഓളം ഓംനി ബസുകള്‍ കേരളത്തിലെ വിവിധജില്ലകളില്‍വെച്ച് പിടിച്ചെടുത്ത് കേരള ഗതാഗത വകുപ്പ് അധികൃതര്‍ 70 ലക്ഷം രൂപയിലേറെ പിഴ ചുമത്തിയതായാണ് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള 150-ഓളം ബസുകള്‍ വെള്ളിയാഴ്ച രാത്രിതന്നെ ഓട്ടം നിര്‍ത്തുകയായിരുന്നു.

ശനിയാഴ്ചയും ബസുകള്‍ സര്‍വീസ് നടത്തിയില്ല. ശബരിമല തീര്‍ഥാടകരും വാരാന്ത്യ അവധിക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തവരും ഉള്‍പ്പെടെയുള്ള യാത്രക്കാാണ് ഇതോടെ വലഞ്ഞത്. തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷനിലെ അംഗങ്ങളുടെ ഉടമസ്ഥതയില്‍ ആന്ധ്ര പ്രദേശ്, കേരള, കര്‍ണാടക ഗോവ സംസ്ഥാനങ്ങളിലേക്കായി മൂവായിരത്തോളം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!