KSDLIVENEWS

Real news for everyone

റെയ്‌ഡ് അന്വേഷണത്തിന്റെ ഭാഗം; നിജസ്ഥിതി അറിയാതെ പ്രതികരിക്കാനാവില്ല- മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെയ്ഡിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുളളതായി കരുതുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാരിന്റെ നിലപാട് ചോദിക്കുകയാണെങ്കിൽ ഒരു വ്യക്തിക്കെതിരേ ഉയർന്നുവരുന്ന ആരോപണത്തിന്റെ ഭാഗമായുളള അന്വേഷണത്തെ കുറിച്ച് അതിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ മുൻകൂറായി പ്രവചനം നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അന്വേഷണ ഏജൻസി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അവരുടെ കൈയിൽ എന്താണ് ഉളളത് എന്ന് അറിയാത്ത ഒരു കൂട്ടർ അതിനെപറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാവില്ല. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിന് നമ്മുടെ നാട്ടിൽ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ സ്വാഭാവികമായി ആ കുടുംബം സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തിൽ ഉറപ്പിച്ച് ഒന്നും പറയാനാകില്ല.’-മുഖ്യമന്ത്രി പറഞ്ഞു.
സി.എം.രവീന്ദ്രനെ പൂർണവിശ്വാസം
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ സർക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ചിലർക്ക് ചില മോഹങ്ങളുണ്ട് എന്നത് ശരിയാണ് അതിന്റെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതല്ലാതെ അതിനപ്പുറം കഴമ്പുണ്ടെന്ന് സർക്കാർ കാണുന്നില്ല. അന്വേഷണ ഏജൻസിക്ക് ചില വിവരങ്ങൾ അറിയാനുണ്ടാകും അതുകൊണ്ട് അവർ വിളിച്ചിട്ടുണ്ടാകുമെന്ന് മാത്രമേ കരുതാനാകൂ.
സി.എം.രവീന്ദ്രൻ വളരെക്കാലമായി തനിക്ക് പരിചയമുളള ആളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. അന്വേഷണ ഏജൻസി വിളിക്കുമ്പോഴേക്കും കുറ്റം ചാർത്തിക്കളയരുതെന്നും അതുകൊണ്ട് അയാൾ അയാളല്ലാതാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!