KSDLIVENEWS

Real news for everyone

നടന്നത് നീചമായ ഭീകരാക്രമണം: നടപടി വേഗത്തിൽ; ഇരകൾക്ക് നീതി ഉറപ്പുനൽകുന്നെന്ന് കേന്ദ്രമന്ത്രിസഭ

SHARE THIS ON

ന്യൂഡല്‍ഹി: ഡല്‍ഹി ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രിസഭ. ദേശവിരുദ്ധ ശക്തികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഇവരെ കണ്ടെത്താന്‍ നിര്‍ദേശംനല്‍കി. ഭീകരതയ്‌ക്കെതിരേ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പ്രതികരണം.

ഡല്‍ഹിയിലേത് നീചമായ ഭീകരാക്രമണമാണെന്ന് കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ദേശവിരുദ്ധ ശക്തികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും. അവരെ സഹായിച്ചവരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് അന്വേഷണസംഘത്തോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

പഹല്‍ഗാം സംഭവത്തില്‍നിന്ന് വിഭിന്നമായി, ഏതെങ്കിലും ഭീകര സംഘടയുടേയോ രാജ്യതിന്‍റെയോ പേര് പ്രമേയത്തിൽ പറയുന്നില്ല. മറിച്ച് ദേശവിരുദ്ധ ശക്തികള്‍ എന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രമേയം പാസാക്കുകയും ഇരകള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രണ്ടുമിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുകയും ചെയ്തു. ഇരകള്‍ക്ക് ഉടനടി സഹായമെത്തിച്ച മെഡിക്കല്‍ ജീവനക്കാരെയും മറ്റു രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!