പിഎം കിസാൻ: കേരളത്തിൽ 30,000ലേറെ അനർഹർ; ഇതിനകം ആനുകൂല്യം കൈപ്പറ്റിയവരിൽ ഭാര്യയും ഭർത്താവും! അടുത്ത ഗഡു വിതരണം 19ന്

ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലെ (പിഎം കിസാൻ യോജന) അടുത്ത ഗഡുവിന്റെ വിതരണം നവംബർ 19ന്. 2,000 രൂപ വീതമാണ് അർഹർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുക. പിഎം കിസാൻ പോർട്ടലിൽ ഇ-കെവൈസി പൂർത്തിയാക്കിയവരാണ് അർഹർ.
കേരളത്തിൽ നിന്ന് പിഎം കിസാനിൽ അംഗങ്ങളായി 20 ലക്ഷത്തിലധികം പേരുണ്ട്. 100 ശതമാനവും കേന്ദ്രം പണം ചെലവിടുന്ന പദ്ധതിയാണിത്. രാജ്യത്താകെ 9 കോടിക്കുമേൽ കർഷകരാണ് ആനുകൂല്യം പറ്റുന്നത്. 2,000 രൂപയുടെ 3 ഗഡുക്കളായി ആകെ 6,000 രൂപവീതമാണ് കർഷകർക്ക് ഒരുവർഷം ലഭിക്കുക.
അതേസമയം, കേരളത്തിൽ 7,694 കുടുംബങ്ങളിൽ ഭാര്യയും ഭർത്താവും ആനുകൂല്യം പറ്റുന്നുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ, പ്രായപൂർത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉൾപ്പെടെ 33 പേരും ആനുകൂല്യം കൈപ്പറ്റിയെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. ആധാർ അടിസ്ഥാനമാക്കിയല്ലാതെ, അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റും പദ്ധതിയുടെ തുടക്കത്തിൽ ആളുകളെ ഉൾപ്പെടുത്തിയതാകാം ക്രമക്കേടിന് കാരണം. കേന്ദ്ര കൃഷിമന്ത്രാലയം സംസ്ഥാനങ്ങളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
അനർഹർ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തിയ ഉടൻ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടിയെടുത്തെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. അനർഹരിൽ നിന്ന് തുക തിരിച്ചുപിടിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ 63,819 അനർഹർ ആനുകൂല്യം കൈപ്പറ്റിയെന്നും ഇതിൽ 26,989 പേർ ഇതിനകം പണം തിരിച്ചടച്ചെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ റിപ്പോർട്ടും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
ആരാണ് യോഗ്യർ?
കർഷകർക്ക് വരുമാന പിന്തുണയെന്നോണം 2018 ഡിസംബർ ഒന്നിന് കേന്ദ്രം അവതരിപ്പിച്ചതാണ് പിഎം കിസാൻ പദ്ധതി. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ളവരാണ് ആനുകൂല്യത്തിന് അർഹർ.
ആദായ നികുതിദായകർ, ഭരണഘടനാ പദവി വഹിക്കുന്നവർ, ഡോക്ടർമാർ, എൻജിനിയർമാർ, സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, പ്രൊഫഷണൽ ആർക്കിടെക്റ്റുകൾ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാനാവില്ല. പ്രതിമാസം 10,000 രൂപയിലധികം പെൻഷൻ വാങ്ങുന്നവരും അനർഹരാണ്.
ഇ-കെവൈസി നിർബന്ധം
ഇ-കെവൈസി പൂർത്തിയാക്കിയവർക്ക് മാത്രമേ പിഎം കിസാൻ സമ്മാൻ നിധി പ്രകാരമുള്ള ആനുകൂല്യം കിട്ടൂ. pmkisan.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സ്റ്റാറ്റസ് ചെക്ക് ചെയ്യാം. വെബ്സൈറ്റിൽ ‘ഫാർമേഴ്സ് കോർണർ’ എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ‘സ്റ്റാറ്റസ് ഓഫ് സെൽഫ് റജിസ്റ്റേഡ് ഫാർമർ/സിഎസ്‍സി ഫാർമർ’ എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പരും ‘കാപ്ച’ കോഡും നൽകിയാൽ സ്റ്റാറ്റസ് അറിയാനാകും.
∙ ഇതുവരെ ഇ-കെവൈസി നടത്താത്തവർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിഎം-കിസാൻ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് നടപടികൾ പൂർത്തിയാക്കാം.
∙ ആപ്പിൽ ഇ-കെവൈസി സ്റ്റാറ്റസ് ‘നോ’ എന്നാണെങ്കിൽ, ഇ-കെവൈസിയിൽ ക്ലിക്ക് ചെയ്ത് അധാർ നമ്പർ സമർപ്പിക്കണം.
∙ തുടർന്ന് ഫേസ് സ്കാനിങ്ങിനുള്ള അനുമതി നൽകണം.
∙ ഫേസ് സ്കാനിങ് വിജയകരമായി കഴിഞ്ഞാൽ ഇ-കെവൈസി പൂർത്തിയാകും. എന്നാൽ, ഇതിന്റെ സ്റ്റാറ്റസ് 24 മണിക്കൂറിനുശേഷമേ അറിയാനാകൂ.

