ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 200 ആയി. ബദിയടുക്കയിലെ എം.ജോസ് (74), പുത്തിഗെയിലെ മറിയുമ്മ (70), ചെങ്കളയിലെ മറിയുമ്മ (63) എന്നിവരാണ് മരിച്ചത്. അതിനിടെ 155 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ പോസിറ്റീവായവരുടെ എണ്ണം 19325 ആയി. ഇവരിൽ 17,599 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. വ്യാഴാഴ്ച 43 പേർക്ക് നെഗറ്റീവായി. ഇവരുൾപ്പെടെ 17,567 പേർ ഇതുവരെ രോഗമുക്തി നേടി. 1558 പേർ ചികിത്സയിലും 4460 പേർ നിരീക്ഷണത്തിലുമുണ്ട്. 1067 സാമ്പിളുകൾ കൂടി പുതുതായി അയച്ചു. 227 എണ്ണത്തിന്റെ പരിശോധനാഫലം കിട്ടാനുമുണ്ട്.

