ഇടുങ്ങിയ നഗരപാതയിൽ ഗാനമേള; സംഘാടകർക്കെതിരെയും അനുമതി നൽകിയവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് ജില്ല ജനകീയ നീതിവേദി

കാസർകോട്: നവംബർ 23-ന് കാസർകോട് നഗരത്തിന്റെ ഏറ്റവും തിരക്കേറിയതും സുരക്ഷിതത്വമില്ലാത്തതുമായ ഇടുങ്ങിയ സർവീസ് റോഡിന് സമീപം സംഘടിപ്പിച്ച ഗാനമേളയെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കണക്കാക്കാതെ ആയിരങ്ങളായ ആളുകളെ ഉൾപ്പെടുത്തിയ പരിപാടി സംഘടിപ്പിച്ചതിലും, ഇത്തരമൊരു വേദിക്ക് അനുമതി നൽകിയ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയിലും കടുത്ത പ്രതിഷേധമുയർന്ന് കൊണ്ടിരിക്കുന്നു.
ഇതിന് പശ്ചാത്തലമായി ജില്ലാ ജനകീയ നീതിവേദി ജില്ലാ പോലീസ് ചീഫിന് പരാതി നൽകി.
സംഘടനയും ജില്ലാ പ്രസിഡണ്ട് സൈഫുദീൻ കെ. മാക്കോട്യും ജനറൽ സെക്രട്ടറി ഹമീദ് ചാത്തങ്കൈയും നൽകിയ പരാതിയിൽ, പൊതുസുരക്ഷ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി.
“ആയിരം ആളുകൾക്ക് പോലും ഒന്നിച്ചിരിക്കാൻ പ്രയാസമുള്ള സ്ഥലത്ത് പതിനായിരങ്ങളെ ക്ഷണിച്ചുകൊണ്ടാണ് പരിപാടി നടത്തപ്പെട്ടത്” — നീതിവേദി പരാതിയിൽ പറയുന്നു.
ഇടുങ്ങിയ നഗരപാതയ്ക്ക് സമീപം പൊതുയാത്രയ്ക്ക് വിഘ്നമുണ്ടാക്കുന്ന വിധത്തിൽ ആളുകൾക്ക് സുരക്ഷിതമായി നിൽക്കാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ പതിനായിരത്തിലധികം പേരെ ഉൾപ്പെടുത്തിയുള്ള ഗാനമേള നടന്നുവെന്നാണ് ആരോപണം. ഈ തിരക്കുമൂലം പൊതുജനങ്ങളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടുകയും,
വൻ അപകടങ്ങൾക്ക് ഇടവരിക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തതായി നീതിവേദി ചൂണ്ടിക്കാട്ടുന്നു.
പോലീസിന്റെ അടിയന്തര ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത് എന്നും പരാതിയിൽ പറയുന്നു.
അനുമതി നൽകിയ ഉദ്യോഗസ്ഥരും ഉൾപ്പെടെ അന്വേഷണം വേണം
പരാതിയിൽ കൂടുതൽ ചൂണ്ടിക്കാട്ടുന്നത്: യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത സ്ഥലത്ത് പരിപാടിക്ക് അനുമതി നൽകിയ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും പരിപാടി സംഘടിപ്പിച്ച സംഗാടകർക്കെതിരെയും, പരിപാടിയിലൂടെ സമാഹരിച്ച ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കപ്പെടുന്നുവെന്ന് കണ്ടെത്തുന്നതിനായുള്ള വിശദമായ അന്വേഷണവും ,ആവശ്യമാണെന്നും, പൊതുസുരക്ഷ അവഗണിക്കുന്ന ഇത്തരം അനിയന്ത്രിത പരിപാടികൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനായി ശക്തമായ നിയമനടപടികൾ ആവശ്യമാണ് എന്നും പരാതിയിൽ ആവശ്യപ്പെട്ടു.

