കാസര്‍കോട് ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവം; എട്ടുപേർ അറസ്റ്റിൽ

കാസർകോട്: കാസർകോട് ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കൂട്ടത്തല്ല്. കീഴൂരിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സ തേടി എത്തിയ രണ്ടു സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറെ നേരം ഭീതി വിതച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറുടെ പരാതി പ്രകാരം എട്ടുപേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്‌തു. ബുധനാഴ്‌ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഡോക്ടർ മുഹമ്മദ് നിസാറിന്റെ പരാതിയിൽ മാങ്ങാട്, ബാരയിലെ പി ടി ഷബീർ അലി (28), ചെമ്മനാട്, കൊമ്പനടുക്കത്തെ പി ജഗദീഷ് കുമാർ (34), കീഴൂർ, പടിഞ്ഞാറിലെ അഹമ്മദ് ഷാനവാസ് (25), കൊമ്പനടുക്കത്തെ, സി കെ അജേഷ് (27), കീഴൂർ, കടപ്പുറത്തെ അബ്ദുൽ ഷഫീർ (31), മുഹമ്മദ് അഫ്‌നാൻ (19), സയ്യിദ് അഫ്രീദ് (27), ഡി എം കുഞ്ഞഹമ്മദ്(36) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ചികിത്സ തേടിയെത്തിയവർ അത്യാഹിത വിഭാഗത്തിൽ വച്ചും പുറത്തും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഡോക്ടറുടെയും നഴ്‌സുമാരുടെയും മറ്റു ജീവിക്കാരുടെയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്ന രീതിയിലാണ് സംഘം പരസ്പരം ഏറ്റുമുട്ടിയത്. അതേസമയം കീഴൂർ പടിഞ്ഞാറിൽ ബുധനാഴ്‌ച രാത്രി ഉണ്ടായ സംഘട്ടനത്തിൽ 14 പേർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. കുഞ്ഞഹമ്മദ്, ഷഫീർ, ഷാനവാസ്, ഷബീർ, കണ്ടാൽ അറിയാവുന്ന മറ്റു 10 പേർ എന്നിവർക്കെതിരെയാണ് മേൽപ്പറമ്പ് എസ് ഐ വി കെ അനീഷിൻ്റെ പരാതിയിൽ കേസെടുത്തത്.

