KSDLIVENEWS

Real news for everyone

ലയണല്‍ മെസ്സി ഇന്ത്യയില്‍: കൊല്‍ക്കത്തയിലെത്തി; വന്‍ ആരാധകത്തിരക്ക്

SHARE THIS ON

കൊല്‍ക്കത്ത: ലോകഫുട്ബോളിലെ മിശിഹയെ കണ്‍മുന്നില്‍ കാണാന്‍ ഇതുപോലൊരു അവസരം ഇനി ഇന്ത്യന്‍ ആരാധകര്‍ക്ക് കിട്ടണമെന്നില്ല. കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ ലയണല്‍ മെസ്സിയെ കാണാനെത്തിയ ജനത്തിരക്ക് ആ ആവേശം വിളിച്ചോതുന്നതായിരുന്നു. കൊല്‍ക്കത്ത നഗരത്തില്‍ ശനിയാഴ്ച പുലരുന്നതിന് മുന്‍പേ തന്നെ സന്തോഷത്തിന്റെ ഒരു തിരമാല ഉയര്‍ന്നു. മിയാമിയില്‍ നിന്ന് ദുബായ് വഴിയാണ് അര്‍ജന്റീനിയന്‍ ഇതിഹാസം കൊല്‍ക്കത്തയിലെത്തിയത്. അര്‍ദ്ധരാത്രിയിലും താരത്തെ ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിന് ആരാധകര്‍ വിമാനത്താവളത്തിന് ചുറ്റും തടിച്ചുകൂടിയിരുന്നു.

രണ്ടുപതിറ്റാണ്ടിലേറെയായി ലോകഫുട്ബോളില്‍ സമാനതകളില്ലാത്ത വിജയചരിത്രമെഴുതുന്ന അര്‍ജന്റീനാ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും അടുത്ത 72 മണിക്കൂര്‍ ഇന്ത്യയിലുണ്ട്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നാലുനഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

2022 ഫിഫ ലോകകപ്പ് വിജയിച്ച അര്‍ജന്റീനാ ടീമിന്റെ നായകനും എട്ട് ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് ഉടമയുമായ മെസ്സിക്കൊപ്പമുള്ള നിമിഷങ്ങള്‍ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരും ആരാധകരും.

മെസ്സി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന യുഎസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ് (യുറഗ്വായ്), റോഡ്രിഗോ ഡി പോള്‍ (അര്‍ജന്റീന) എന്നിവരും കൂടെയുണ്ട്.

കൊല്‍ക്കത്തയില്‍ മെസ്സിയുടെ രണ്ടാം സന്ദര്‍ശനമാണിത്. 2011-ല്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദമത്സരത്തിനായാണ് ആദ്യമെത്തിയത്. അന്ന് അര്‍ജന്റീന ജയിച്ചു (10). ഇക്കുറി ഔദ്യോഗിക മത്സരമില്ല. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കുന്ന അതിഥികള്‍ ഞായറാഴ്ച മുംബൈയിലും വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച ഡല്‍ഹിയിലെത്തും. അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തശേഷം ഉച്ചതിരിഞ്ഞ് ദുബായിലേക്ക് മടങ്ങും.

സ്വകാര്യ സന്ദര്‍ശനം

‘GOAT (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം) ഇന്ത്യ ടൂര്‍ 2025’ എന്നുപേരിട്ട ഇപ്പോഴത്തെ സന്ദര്‍ശനം സ്പോര്‍ട്സ് പ്രമോട്ടറും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പൊതുചടങ്ങുകളില്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

7000 മുതല്‍ 10,000 വരെയാണ് ടിക്കറ്റ് നിരക്ക്. വിവിധ പരിപാടികളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ജാക്കി ഷ്റോഫ്, ജോണ്‍ എബ്രഹാം തുടങ്ങിവര്‍ പങ്കെടുക്കുമെന്ന് ശതാദ്രു ദത്ത പറഞ്ഞു.

മെസ്സിപ്രതിമ

കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്പോര്‍ട്ടിങ് ക്ലബ് കൊല്‍ക്കത്ത ലേക്ക് ടൗണ്‍ ഏരിയയില്‍ നിര്‍മിച്ച മെസ്സിയുടെ 70 അടി (21 മീറ്റര്‍) ഉയരമുള്ള പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും. 2022 ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളായ അര്‍ജന്റീനാ ടീമിനുവേണ്ടി കിരീടം ഏറ്റുവാങ്ങി സന്തോഷം പ്രകടിപ്പിക്കുന്ന മെസ്സിയുടെ ദൃശ്യമാണ് പ്രതിമയിലുള്ളത്. സുരക്ഷാകാരണങ്ങളാല്‍ ഹോട്ടലില്‍നിന്ന് ഓണ്‍ലൈനായാണ് മെസ്സി അനാച്ഛാദനം നിര്‍വഹിക്കുക. ലോകത്തുതന്നെ മെസ്സിയുടെ ഏറ്റവും വലിയ പ്രതിയമാണിതെന്ന് സംഘാടകര്‍ പറയുന്നു.

ശില്പി മോണ്ടി പോളിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘം 27 ദിവസം ജോലിചെയ്താണ് പ്രതിമ നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!