ബീച്ചിൽ തനിച്ചുനിന്ന 16 കാരിയെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്നു നൽകി പീഡിപ്പിച്ചു; കാസർകോട് സ്വദേശികളായ രണ്ടു പേർ കൂടി പിടിയിൽ

കോഴിക്കോട്: മാതാവിനോടു പിണങ്ങി വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ടുപേർ കൂടി അറസ്റ്റിലായി. രണ്ടു പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ മുഖ്യപ്രതികൾക്ക് കൈമാറിയ കാസർകോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
പെൺകുട്ടിയെ പീഡിപ്പിച്ച താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിൻകാലായിൽ ഷബീർ അലി (41) എന്നിവരെ തിങ്കളാഴ്ച ടൗൺ അസി. കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടി കോഴിക്കോട് നഗരത്തിൽ എത്തുകയായിരുന്നു. ബീച്ചിൽ എത്തിയ കുട്ടിയെ പ്രതികൾ സ്വകാര്യ കേന്ദ്രത്തിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
ബീച്ചിൽ തനിച്ചു കണ്ട പെൺകുട്ടിയെ കാസർകോട് സ്വദേശികളായ ഷമീമും റയീസും പരിചയപ്പെട്ടു. ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന് പറഞ്ഞ് 21 ന് പുലർച്ചെ രണ്ടു മണിയോടെ ജീപ്പിൽ കയറ്റി സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിന്റെയും ഷബീർ അലിയുടെയും പന്തീരാങ്കാവിലെ ഫ്ലാറ്റിൽ എത്തിച്ചു. ഇവിടെ വച്ച് സാലിഹും ഷബീറും പെൺകുട്ടിക്ക് ലഹരി മരുന്നു നൽകി. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചു. 22 ന് ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ പെൺകുട്ടിയെ ഷമീമും റയീസും ജീപ്പിൽ കൊണ്ടു വിട്ടു. 4,000 രൂപയും നൽകി. ബീച്ചിൽ ഡ്യൂട്ടിയിലുള്ള വനിതാ ഹെൽപ് ലൈൻ അംഗങ്ങളാണ് അവശനിലയിലായ പെൺകുട്ടിയെ കണ്ടെത്തിയത്.

