യുഎസിന്റെ എംക്യു 9 ഡ്രോൺ വെടിവച്ചിട്ട് ഇറാൻ; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ടെഹ്റാൻ∙ ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വച്ച് യുഎസിന്റെ ഒരു എംക്യു 9 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ റവല്യൂഷനറി ഗാർഡ് വക്താവ് ഹൊസൈൻ മൊഹ്ബി അറിയിച്ചതായി തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസ് സൈന്യം ആക്രമിച്ചതിനാലാണ് തിരിച്ചടിച്ചതെന്നും മൊഹ്ബി പറഞ്ഞു.
അതിനിടെ, ഒമാൻ തീരത്ത് മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് ഇറാനിൽ യുഎസ് ശക്തമായ ആക്രമണം നടത്തി. കപ്പലുകളെ ആക്രമിച്ചതിനു പിന്നിൽ ഇറാനാണെന്ന് യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യാന്തര ജലപാതയിൽ നിരപരാധികളായ ആളുകളെ ലക്ഷ്യമിട്ടതിന് തിരിച്ചടിയാണ് ഈ ആക്രമണമെന്നും അവർ പറഞ്ഞു.

