ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക്ക് ചരക്ക് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി; അറബിക്കടലിൽ തകർന്ന് വീണതായി സംശയം, തിരച്ചിൽ

ഇസ്‌ലാമാബാദ്: അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബന്ധം വേർപെട്ടത്. കെ2 എയർവേയ്‌സിന്റെതാണ് വിമാനം. 27 വർഷം പഴക്കമുണ്ട്. വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലിൽ തകർന്നു വീണിരിക്കാമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒർമാരയ്ക്ക് സമീപം അറബിക്കടലിന് മുകളിലാണ് വിമാനം കാണാതായതെന്ന് പാക്ക് വാർത്താ ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനം കണ്ടെത്തുന്നതിനായി വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ തിരച്ചിൽ ആരംഭിച്ചതായി പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. തിരച്ചിൽ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് സർക്കാർ ഏജൻസികളുമായും പൂർണമായി സഹകരിക്കുന്നുണ്ടെന്ന് കെ2 എയർവേയ്‌സ് പറഞ്ഞു.

