KSDLIVENEWS

Real news for everyone

എണ്ണയിട്ട യന്ത്രംപോലെ പാർട്ടി പ്രവർത്തിക്കും: മൂന്ന് മാസത്തിനുമുന്നേ സ്ഥാനാർഥി പ്രഖ്യാപനം; കെ സി വേണുഗോപാൽ

SHARE THIS ON

100 സീറ്റിൽ അധികാരത്തിൽ വരുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടി കോൺഗ്രസ് സജ്ജമാണോ. ലക്ഷ്യ 2026 അതിനുള്ള സമ്പൂർണ ആക്‌ഷൻ പ്ലാനാണോ

= എതിരാളികളുടെ ഏറ്റവും വലിയ പ്രചാരണം കോൺഗ്രസിനകത്തെ അഭിപ്രായവ്യത്യാസമാണ്. എല്ലാകാലത്തും അത് ഉണ്ടാവുന്നതാണ്. പക്ഷേ, തിരഞ്ഞെടുപ്പുവരുമ്പോൾ ഏറ്റവും വലിയ ഐക്യം കാണിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ലക്ഷ്യ 2026 ലീഡേഴ്‌സ് സമ്മിറ്റ് കഴിഞ്ഞ് മുന്നോട്ടുപോകുന്നത് വലിയ ഐക്യത്തിന്റെ സന്ദേശത്തോടെയും ആവേശത്തോടും കൂടിയാണ്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എല്ലാം ഒറ്റക്കെട്ടായി യുഡിഎഫിനെ ജയിപ്പിക്കാൻ ഇറങ്ങുന്നു എന്ന സൂചനയാണ്. ലക്ഷ്യയിൽ അതിനുള്ള കർമപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. അത് പ്രാവർത്തികമാക്കത്തക്കവണ്ണത്തിലുള്ള സംവിധാനവും, സെറ്റപ്പുമാണ് ഉണ്ടാക്കുന്നത്. രാഷ്ട്രീയസാഹചര്യം അനുകൂലമാകത്തക്ക വിധത്തിലുള്ള പൊളിറ്റിക്കൽ കാംപെയ്‌നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. സർക്കാരിനെതിരായ ജനവികാരം പൂർണാർഥത്തിൽ വോട്ടാക്കുന്നതിനുള്ള ഇലക്‌ഷൻ മാനേജ്‌മെന്റ് കാംപെയ്‌ൻപ്ലാൻ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ രീതിയിൽ ഒരുഭാഗത്ത് കാര്യങ്ങൾ നടക്കുമ്പോൾ അതിനാവശ്യമായ പാർട്ടി സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ബൂത്ത് തലത്തിൽ കമ്മിറ്റികൾ സജ്ജമാക്കും. എവിടെയെങ്കിലും പാളിച്ചകളും പാകപ്പിഴകളുമുണ്ടെങ്കിൽ അതിനെയൊക്കെ മറി കടക്കാനുള്ള എണ്ണയിട്ട യന്ത്രംപോലെ പാർട്ടി പ്രവർത്തിക്കും. പുതിയ കാലത്തിനനുസരിച്ച് ജനങ്ങൾക്ക് കൊടുക്കാവുന്ന പ്രതീക്ഷകൾ വ്യക്തമാക്കി മുന്നോട്ടുപോവും.

സ്ഥാനാർഥിനിർണയത്തിലേക്ക് പാർട്ടി കടന്നോ, അതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ

= മധുസൂദൻ മിസ്ത്രി ചെയർമാൻ ആയിട്ടുള്ള സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു. അവർ ഏതാനും ദിവസങ്ങൾക്കകം കേരളത്തിൽവന്ന് പ്രാഥമിക ചർച്ചകൾ തുടങ്ങും. മൂന്ന് മാസത്തിനുമുന്നേ സ്ഥാനാർഥി പ്രഖ്യാപനം വേണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം. ജനുവരി അവസാനത്തോടെ കുറച്ച് സീറ്റുകൾ പ്രഖ്യാപിക്കും. ഫെബ്രുവരിയിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളാവും.

സ്ഥാനാർഥിനിർണയത്തിന് ഫോർമുലയുണ്ടോ

= സ്ഥാനാർഥിനിർണയത്തിന് വിജയസാധ്യതയല്ലാതെ മറ്റൊരു ഘടകവുമില്ല. ഒന്നിലധികംപേർ വിജയസാധ്യതയുള്ളവർ വന്നാൽ അവിടെ ചെറുപ്പത്തിന് പ്രാധാന്യമുണ്ടാവും. പാർട്ടിക്കൂറിനോടുള്ള പ്രാധാന്യമുണ്ടാവും. വനിതകൾക്ക് പ്രാധാന്യമുണ്ടാവും. സാമുദായിക പ്രാതിനിധ്യം കൃത്യമായി പാലിക്കുക വെല്ലുവിളിയാവില്ലേ

= എല്ലാ വിഭാഗക്കാരെയും പരിഗണിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന് ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം പാർട്ടിയാകാനാവില്ല. എല്ലാവർക്കു പരിഗണന കൊടുക്കുന്ന പട്ടികയാവും കോൺഗ്രസ് കൊണ്ടുവരുക. സാമുദായിക സന്തുലിതാവസ്ഥ പരമാവധി പരിഗണിക്കും. വിജയസാധ്യത മാനദണ്ഡമാവും

തിരഞ്ഞെടുപ്പിനുമുൻപേ യുഡിഎഫ് മുന്നണി വിപുലപ്പെടുത്തുമോ

= മുന്നണി വിപുലപ്പെടുത്തണമോ എന്ന് തീരുമാനിക്കേണ്ടത് വരാനുദ്ദേശിക്കുന്നവരാണ്. തിരിച്ചുവരാൻ തയ്യാറായാൽ വാതിൽ കൊട്ടിയടയ് ക്കുന്ന സമീപനം യുഡിഎഫിനുണ്ടാവില്ല. എന്നു വെച്ച് ഞങ്ങൾ ഇതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല.

കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകൾ വളരെ മുൻപേ സജീവമാണ്. ആ വിഷയത്തിൽ പാർട്ടിക്കകത്ത് അഭിപ്രായഭിന്നതയുണ്ടെന്നും കേൾക്കുന്നു. എത്രമാത്രം ശരിയാണ്

= എതിരാളികളുടെ തന്ത്രമാണ് കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി കടിപിടികൂടുന്ന അഞ്ചെട്ട് പേരുണ്ടാവും എന്നപ്രചാരണം കോൺഗ്രസിൽ മുഖ്യമന്ത്രിയാകണമെന്ന് പലരും ആഗ്രഹിച്ചാൽ തെറ്റുപറയാനാവില്ല. ഒരുപാട് വർഷത്തെ അനുഭവവും പരിചയവുമുള്ള നല്ല നേതാക്കൾ പാർട്ടിയിലുണ്ട്. അവരൊക്കെ ജീവിതത്തിൽ ഒരുതവണ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നത് തെറ്റ് എന്ന് എങ്ങനെ പറയാൻ കഴിയും. പിണറായിയെപ്പോലുള്ള പത്തിലധികം നേതാക്കൾ ഞങ്ങൾക്കുണ്ട്. എന്നുവെച്ച് ഒരു മുഖ്യമന്ത്രിസ്ഥാനാർഥിയെ ഉയർത്തിക്കാട്ടി ഞങ്ങൾ ഒരിക്കലും ഇലക്‌ഷനിൽ മത്സരിക്കില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിന്റെ എംഎൽഎമാരും ഹൈക്കമാൻഡും ആലോചിച്ച് തീരുമാനം എടുക്കും. അതാണ് രീതി.

മുസ്‌ലിംലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നു, അത് പ്രതിസന്ധിയാവില്ലേ

= അങ്ങനെയൊന്നും ഇല്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങുന്ന കാപ്‌സ്യൂൾ ആണിത്. മുസ്‌ലിംലീഗ് എല്ലാകാലത്തും യാഥാർഥ്യങ്ങൾ നന്നായി അറിയുന്ന പാർട്ടിയാണ്. യുഡിഎഫിന്റെ കെട്ടുറപ്പിന് ഏറ്റവും നല്ല സംഭാവന നൽകുന്ന പാർട്ടികളിൽ ഒന്നാണ്. കേരളത്തിന്റെ സോഷ്യൽ ഫാബ്രിക്കിനെ നന്നായിട്ട് മനസ്സിലാക്കുന്ന പാർട്ടിയാണ്.

തദ്ദേശ വിജയത്തിന്റെ അടിസ്ഥാനത്തിൽമാത്രം നിയമസഭ ലഭിക്കുമെന്ന് പറയാൻ കഴിയുമോ

= ഇല്ല, അതിനോട് ഞാൻ യോജിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഒറ്റപ്പെട്ട വിജയം അല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ജയിച്ചത്. പഞ്ചായത്ത് ഇലക്‌ഷനിൽ ആരും വിചാരിക്കാത്ത വിജയം ഉണ്ടായി. ജില്ല-ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടിങ് നോക്കിയാൽ അതെല്ലാം രാഷ്ട്രീയമായി വന്ന വോട്ടുകളാണ്. നമ്മൾ ജയിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിക്കാത്ത പഞ്ചായത്തിലും ജയിക്കുന്നത് ഒരു ട്രെൻഡ് അല്ലെങ്കിൽ അങ്ങനെ വരില്ല. കേരളത്തിൽ ട്രെൻഡ്സെറ്റ് ചെയ്തിട്ടുണ്ട്. എൽഡിഎഫിന്റെ ഭരണത്തെ ജനം സ്വീകരിക്കാൻ തയ്യാറല്ല, അതിൽനിന്ന് ജനങ്ങൾ മോചനം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്.

ബിജെപിയുമായി നീക്കുപോക്ക് സിപിഎം നടത്തുമെന്ന ഭയമുണ്ടോ

= സിപിഎം എന്ന് ഞാൻ മൊത്തത്തിൽ പറയില്ല. മേധാവിത്വമുള്ള ഭരണ വർഗവിഭാഗം ബിജെപിയുമായി സമരസപ്പെട്ട് നിൽക്കുകയാണ്. ബിജെപിയിലും എല്ലാവരും അതിന്റെ ഭാഗമാണെന്ന് പറയില്ല. ബിജെപിയുടെ ദേശീയ ലക്ഷ്യം കോൺഗ്രസിനെ തോൽപ്പിക്കലാണ്. മുഖ്യമന്ത്രി ബിജെപിക്ക്‌ സഹായമൊരുക്കുന്ന ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും ബിജെപിക്ക്‌ ജയിക്കാൻവേണ്ടി വാർഡുകൾ മുറിച്ചുകൊടുത്തു. കോൺഗ്രസിന്റെ രണ്ട് ജയിക്കുന്ന സീറ്റുകൾ ഒന്നാക്കി കൊടുത്തു. പക്ഷേ, അതിനെ മറികടക്കാനുള്ള പിന്തുണ യുഡിഎഫിന് കിട്ടും. അതിന് തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!