കുമ്പള ടോള്‍ പിരിവ്: ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരം ചൊവ്വാഴ്ച രാവിലെ മുതല്‍

കാസർകോട്: ദേശീയ പാതയിലെ കുമ്പള ടോൾ ബൂത്തിനെതിരെ എംഎൽഎയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ചൊവ്വാഴ്ച ആരംഭിക്കുമെന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ടോൾ ബൂത്തിനടുത്തായിരിക്കും സമരം. സമരത്തിൽ മുഴുവൻ സമയവും താൻ പങ്കെടുക്കുമെന്നും സമരസമിതി ഭാരവാഹികളും പ്രവർത്തകരും റിലേയായി സമരത്തിൽ സംബന്ധിക്കുമെന്നും എകെഎം അഷ്റഫ് എംഎൽഎ പറഞ്ഞു.
അന്യായമായ കുമ്പള ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും കോടതിയിൽ ഇതു സംബന്ധിച്ചു കേസ് നിലവിലുള്ള സാഹചര്യത്തിൽ കേസിൽ തീർപ്പുണ്ടാകുന്നതു വരെ ടോൾ പിരിവ് നിറുത്തിവക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. അഷ്റഫിനു പുറമെ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പഞ്ചാ.പ്രസിഡൻ്റ് വി.പി അബ്ദുൽ ഖാദർ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചാ. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർള, കോൺ. നേതാവ് ലക്ഷ്മണ പ്രഭു തുടങ്ങിയവർ പങ്കെടുത്തു.
കെഎൽ 14 രജിസ്ട്രേഷൻ വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കാമെന്നും ലോക്കൽ നിന്ന് ഒഴിവാക്കാമെന്നും ലോക്കൽ യാത്രക്കുപയോഗിക്കുന്ന വാഹനങ്ങൾക്ക് പാസ് അനുവദിക്കാമെന്നും എൻഎച്ച് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. ഈ നിർദ്ദേശം സ്വീകാര്യമല്ലെന്നും മുഴുവൻ വാഹനങ്ങളെയും കോടതി വിധി വരുന്നതു വരെ ടോളിൽ നിന്ന് ഒഴിവാക്കണമെന്നതാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അതേ സമയം ഇന്നലെ രാത്രി വരെ സമര സമിതിക്ക് ആവേശം പകർന്നിരുന്ന സമരസമിതി നേതാവും സിപിഎം നേതാവുമായ സുബൈർ ഇന്നു സമരം തുടങ്ങിയപ്പോൾ എവിടെപ്പോയെന്ന ചോദ്യത്തിന് മറ്റേതെങ്കിലും അത്യാവശ്യത്തിന് പോയിട്ടുണ്ടാവുമെന്നു എംഎൽഎ പ്രതികരിച്ചു.

