KSDLIVENEWS

Real news for everyone

പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച് പയ്യന്നൂർ പിടിച്ച് വി.കുഞ്ഞിക്കൃഷ്ണൻ; രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സിപിഎമ്മിന് തിരിച്ചടി

SHARE THIS ON

പയ്യന്നൂർ: യുഡിഎഫ് പിന്തുണയോടെ പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ച മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണൻ നേടിയത് പാർട്ടി കേന്ദ്രങ്ങളെ ‍ഞെട്ടിച്ച ജയം. 7487 വോട്ടിനാണ് മണ്ഡലത്തിൽ കുഞ്ഞിക്കൃഷ്ണന്റെ ജയം. പയ്യന്നൂരിൽ ധൻരാജ് രക്തസാക്ഷി ഫണ്ട് ടി.ഐ.മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് കുഞ്ഞിക്കൃഷ്ണൻ സിപിഎമ്മിൽ നിന്ന് പുറത്തുവന്നത്. ആരോപണത്തിനു പിന്നാലെ കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ടി.ഐ മധുസൂദനൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾക്കു കൃത്യമായി മറുപടി നൽകാൻ സിപിഎം തയാറായാതെ വീണ്ടും ടി.ഐ.മധുസൂദനനെ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

കണ്ണൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ ഫണ്ട് തർക്ക വിവാദത്തിൽ ജനം ആർക്കൊപ്പം എന്ന ജനവിധിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലം. പയ്യന്നൂരിൽ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായി വിജയന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയും. ഫണ്ട് തിരിമറി വർഷങ്ങളോളം പാർട്ടിക്കുള്ളിൽ ഉന്നയിച്ചിട്ടും വേണ്ട രീതിയിൽ കേൾക്കാൻ നേതൃത്വം തയാറാകാതിരുന്നതോടെയാണ് കുഞ്ഞിക്കൃഷ്ണൻ പുറത്തുപോയതും സ്വതന്ത്രനായി മത്സരിക്കുന്നതും.

അടിയന്തരാവസ്ഥക്കാലത്ത് സിപിഎം അംഗമായ ആളാണ് വി.കുഞ്ഞിക്കൃഷ്ണൻ. 1985 മുതൽ ഏരിയ കമ്മിറ്റിയിലും 2024ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും അംഗം. കാൽലക്ഷം അംഗങ്ങളുള്ള കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റും സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു. 2022 ലാണ് പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ടിലും ധനരാജ് രക്തസാക്ഷി ഫണ്ടിലും തിരിമറി നടന്നതായി കുഞ്ഞിക്കൃഷ്ണൻ പാർട്ടിയെ ബോധിപ്പിച്ചത്. അന്ന് പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം.

error: Content is protected !!