KSDLIVENEWS

Real news for everyone

സംസ്ഥാനം മുഖംതിരിച്ചു: ഇ.എസ്.ഐ. മെഡിക്കൽ കോളേജ് കേരളത്തിന് നഷ്ടമായി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അനുകൂലിക്കാഞ്ഞതിനാൽ കൊല്ലം ഇ.എസ്.ഐ. ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള സാധ്യത ഇല്ലാതാകുന്നു. കൊല്ലം ആശ്രാമത്തെ ആശുപത്രി മെഡിക്കൽ കോളേജാക്കാനായിരുന്നു ഇ.എസ്.ഐ. കോർപ്പറേഷൻ തീരുമാനം. 2026-27ൽ ക്ലാസുകൾ തുടങ്ങുംവിധം രാജ്യത്ത് 10 മെഡിക്കൽ കോളേജാണ് ലക്ഷ്യമിട്ടത്.

ഫെബ്രുവരി മൂന്നിനുമുൻപ്, സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജ് സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന സർട്ടിഫിക്കറ്റ് (എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്) നൽകണം. എന്നാൽ, നടപടിയുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം വരുന്നത് രാഷ്ട്രീയമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ മുഖം തിരിച്ചതെന്നാണ് ആരോപണം.

600 കോടിയാണ് മെഡിക്കൽ കോളേജിനും ആശുപത്രിക്കുമായി ഇ.എസ്.ഐ. കോർപ്പറേഷൻ മുടക്കുക. 50 എം.ബി.ബി എസ്. സീറ്റാണുണ്ടാകുക. ഇതിൽ 20 ശതമാനം സീറ്റ് ഇ.എസ്.ഐ.യിൽ രജിസ്റ്റർചെയ്ത തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്യും. സംസ്ഥാനത്ത് പാരിപ്പള്ളിയിൽ നിലവിൽ ഒരു ഇ.എസ്.ഐ. മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ട്.

അട്ടിമറി ഇങ്ങനെ

ആദ്യവിജ്ഞാപനപ്രകാരം നാഷണൽ മെഡിക്കൽ കമ്മിഷനിൽ അപേക്ഷ നൽകേണ്ട അവസാനദിവസം ജനുവരി 28 ആയിരുന്നു. ജനുവരി ഒമ്പതിന് ഇ.എസ്.ഐ. കോർപ്പറേഷൻ സർക്കാരിന്റെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകി. സർട്ടിഫിക്കറ്റ് അപ്പോൾത്തന്നെ നൽകാമെങ്കിലും സൗകര്യം പരിശോധിക്കാൻ ഡി.എം.ഇ.യെ ചുമതലപ്പെടുത്തി. മെഡിക്കൽ കോളേജിനുവേണ്ട സൗകര്യങ്ങളുടെ കുറവുണ്ടെന്നായിരുന്നു റിപ്പോർട്ട്. 25-ന് കുറവ് നികത്തി റിപ്പോർട്ട് നൽകണമെന്നുകാണിച്ച് കത്തുനൽകി.

കോളേജ് പ്രവർത്തനം തുടങ്ങുന്നതിനുമുൻപ് കുറവുകളെല്ലാം നികത്താമെന്ന് ജനുവരി 28-ന് രാവിലെ ഇ.എസ്.ഐ. ഡയറക്ടർ ജനറൽ നേരിട്ട് അണ്ടർടേക്കിങ് നൽകി. 27-ന് ഫയൽ മന്ത്രിയുടെ അടുത്തെത്തിയെങ്കിലും തീരുമാനം നീണ്ടു. ഇതിനിടെ അപേക്ഷ നൽകേണ്ട തീയതി ഫെബ്രുവരി മൂന്നു വരെ നീട്ടി. മന്ത്രി മൂന്നാംതീയതിവരെ ഫയൽ കൈവശംവെച്ച ശേഷം വൈകീട്ട് സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കോർപ്പറേഷന് ഫയൽ മടക്കി.

മറ്റ് ഒമ്പത് സംസ്ഥാനങ്ങളും എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയെന്നും കേരളം ഇത് നഷ്ടപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആരോഗ്യ, തൊഴിൽ മന്ത്രിമാരെയും എൻ.കെ. പ്രേമചന്ദ്രൻ എം.പി. കണ്ടു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും സംസാരിച്ചു. പക്ഷേ, ഫലമുണ്ടായില്ല. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്ന് എം.പി. പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസുമായും ഇക്കാര്യം സംസാരിച്ചു. സർട്ടിഫിക്കറ്റ് നൽകാത്തത് ദുരൂഹമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കൊല്ലത്ത് സ്വകാര്യ ആശുപത്രികൾക്ക് തുല്യമായ ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ കച്ചവടതാത്‌പര്യമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!