KSDLIVENEWS

Real news for everyone

ദീപക്കിന്റെ മരണം; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളജ് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചോദ്യാവലി തയ്യാറാക്കിയാണ് ഷിംജിതയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചത്. ഇക്കാര്യം ഉള്‍പ്പെടുത്തി പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ജനുവരി 16നാണ് പയ്യന്നൂര്‍ രാമന്തളി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ലൈംഗികാതിക്രമം കാട്ടിയെന്ന് സൂചിപ്പിച്ച്‌ യുവതി വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെ മനോവിഷമത്താല്‍ ദീപക് ജീവനൊടുക്കുകയായിരുന്നു. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.

ദീപക് ആത്മഹത്യ ചെയ്തതോടെ യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും നിര്‍ണ്ണായകമായതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരും പ്രതികരിച്ചിരുന്നു. ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ നേരത്തെ കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതോടെ ഷിംജിത റിമാന്‍ഡില്‍ തുടരും. ഇതിന് പിന്നാലെയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!