ഇത് ദാസന് മൂന്ന് വർഷം മുൻപേ തോന്നിയ ബുദ്ധി’: രണ്ടര കോടിയിലധികം രൂപയുടെ ഭാഗ്യം ഖത്തറിലെ മലയാളി സുഹൃത്തുക്കൾക്ക്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം (2.46 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന പത്തംഗ മലയാളി സംഘത്തിന്. ദോഹയിൽ ഇറിഗേഷൻ എൻജിനീയറായി ജോലി ചെയ്യുന്ന ദാസൻ കുഞ്ഞിന്റെ പേരിലെടുത്ത ടിക്കറ്റിലാണു ഭാഗ്യം കൈവന്നത്. സമ്മാനത്തുക ആനുപാതികമായി വീതിക്കുമെന്നു 43കാരൻ പറഞ്ഞു.
ബിഗ് ടിക്കറ്റിന്റെ സമൂഹമാധ്യമത്തിലെ പരസ്യങ്ങളിലൂടെയാണ് ദാസൻ ഈ നറുക്കെടുപ്പിനെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പത്തുപേരടങ്ങുന്ന രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലൂടെ അദ്ദേഹം തുടർച്ചയായി ടിക്കറ്റുകൾ എടുക്കുന്നുണ്ട്.
‘വിജയവാർത്ത അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നപ്പോൾ അതൊരു തമാശയാണെന്നാണ് ഞാൻ കരുതിയത്. എന്നെ ബോധ്യപ്പെടുത്താൻ ബിഗ് ടിക്കറ്റ് അധികൃതർക്ക് ഏറെ പാടുപെടേണ്ടി വന്നു. ഒടുവിൽ ഇമെയിൽ ലഭിച്ചപ്പോഴാണ് സന്തോഷം ഇരട്ടിയായി,’ ദാസൻ പറഞ്ഞു.
ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പായ സീരീസ് 283 ലാണ് ദാസനും സംഘവും വിജയികളായത്. ഈ വിജയം നൽകിയ ആത്മവിശ്വാസത്തിൽ വരും മാസങ്ങളിലും ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും ഗ്രാൻഡ് പ്രൈസ് തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

