KSDLIVENEWS

Real news for everyone

കൊച്ചി വിമാനത്താവളത്തില്‍ 10 മിനിറ്റില്‍ എത്താം: അതിവേഗ ഹൈഡ്രജന്‍ ബോട്ടുകള്‍ ഇറക്കാന്‍ വാട്ടര്‍ മെട്രോ

SHARE THIS ON

കൊച്ചിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള റൂട്ടില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഗതാഗതക്കുരുക്ക്.

മറ്റു ജില്ലകളില്‍ നിന്നെത്തുന്ന വിമാനത്താവള യാത്രക്കാര്‍ പലപ്പോഴും കുരുക്കില്‍പെട്ട് വലയാറുണ്ട്. വിമാനം കിട്ടണമെങ്കില്‍ മണിക്കൂറുകള്‍ മുന്‍പേ യാത്ര തുടങ്ങേണ്ട അവസ്ഥയാണ്. അടുത്തിടെ നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ അനുവദിച്ചത് യാത്രക്കാര്‍ക്ക് വലിയ പ്രതീക്ഷയാണ് പകരുന്നത്. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.

ഇപ്പോഴിതാ, വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ് കൊച്ചി വാട്ടര്‍ മെട്രോ നടത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ സര്‍വീസുകളില്‍ അതിവേഗ ഹൈഡ്രജന്‍ ബോട്ടുകള്‍ കൂടി ഉപയോഗിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററി ബോട്ടുകള്‍ക്ക് പുറമെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഹൈഡ്രജന്‍ ബോട്ടുകള്‍ കൂടി കൊണ്ടുവരുന്നത്. ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനൊപ്പം യാത്രാ സമയവും ഗണ്യമായി കുറയ്ക്കും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് ഇതിന് ആവശ്യമായ ബോട്ടുകള്‍ നിര്‍മ്മിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആലുവയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ യാത്രക്കാരെ എത്തിക്കുന്നതിനാണ് ഈ പുതിയ പദ്ധതി തയാറാക്കുന്നത്. ഹൈഡ്രജന്‍ അധിഷ്ഠിതമായ ബോട്ടുകള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണ്. വാഹനത്തില്‍ പോകുന്നതിനേക്കാള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് വിമാനത്താവളത്തിനു സമീപം എത്താന്‍ കഴിയും.

ആലുവ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും വെറും 10 മിനിറ്റ് കൊണ്ട് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും എന്നതാണ് ഈ സര്‍വീസിന്റെ പ്രധാന പ്രത്യേകത. ഇത് റോഡിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാന്‍ വിമാനയാത്രക്കാരെ സഹായിക്കും. പുകയോ മറ്റ് മലിനീകരണമോ ഇല്ലാത്ത ഈ ബോട്ടുകള്‍ വെറും നീരാവിയും ചൂടും മാത്രമാണ് പുറന്തള്ളുന്നത് എന്നത് പരിസ്ഥിതിക്കും വലിയ ഗുണകരമാകും.

നിലവില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളില്‍ ഡീസല്‍ ജനറേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ബാറ്ററി ലഭ്യതയെക്കുറിച്ച്‌ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഡീസല്‍ പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനമാണ്. അതിനാല്‍ ഹൈഡ്രജന്‍ ബോട്ടുകള്‍ക്ക് ഭാവിയില്‍ വലിയ പ്രസക്തിയുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. പെരിയാര്‍ പുഴയിലൂടെയും ചെങ്ങല്‍ കനാല്‍ വഴിയുമുള്ള ബോട്ട് യാത്ര ജലമൊഴുക്കിനെ ബാധിക്കുമോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. മാര്‍ച്ച്‌ മാസത്തോടെ ഈ പഠനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതുകൂടാതെ, ആലുവ മെട്രോ സ്റ്റേഷനില്‍ നിന്നും വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്താനായി ഒരു സ്‌കൈവാക്ക് നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. വിമാനത്താവള പരിസരത്ത് തന്നെ ബിപിസിഎല്‍ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ഹൈഡ്രജന്‍ പ്ലാന്റ് ഉള്ളതിനാല്‍ ബോട്ടുകള്‍ക്ക് ഇന്ധനം ലഭിക്കുന്നതിനും തടസമുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് ബിപിസിഎല്ലുമായി കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!