ദേശീയപാത; ചെർക്കളയിലെ നിർമാണം മാർച്ചിൽ പൂർത്തിയാക്കും; എം.എൽ.എ.യുടെ സാന്നിധ്യത്തിൽ നിർമാണക്കമ്പനിയുമായി ചർച്ചനടത്തി

ചെർക്കള: ചെർക്കള ടൗണിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ മാർച്ചിൽത്തന്നെ പൂർത്തിയാക്കുമെന്ന് നിർമാണക്കമ്പനി. ദേശീയപാതാ നിർമാണം തുടങ്ങി മൂന്നുവർഷം പിന്നിട്ടിട്ടും ചെർക്കളയിൽ പണി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ദേശീയപാതാ ഉപരോധം ഉൾപ്പെടെ ശക്തമായ സമരത്തിന് കർമസമിതി തയ്യാറെടുക്കുന്നതിനിടെയാണ് ഒന്നരമാസംകൊണ്ട് പണി പൂർത്തിയാക്കുമെന്ന് സ്ഥലത്ത് എത്തിയ മേഘ നിർമാണക്കമ്പനി അധികൃതർ ഉറപ്പ് നൽകിയത്.
ഓവുചാലുകളുടെയും സർവീസ് റോഡുകളുടെയും നടപ്പാതയുടെയും നിർമമാണം മാർച്ച് 31-ന് മുമ്പ് പൂർത്തിയാക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്ഥലത്തെത്തിയ നിർമാണക്കമ്പനി അധികൃതരുമായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ കർമസമിതി നേതാക്കൾ നടത്തിയ ചർച്ചയിലാണ് നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. ചെർക്കളയിൽ നിർമാണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതും വേനൽ കടുത്തതോടെ വാഹനങ്ങൾ കടന്നു പോകുമ്പോഴും കാറ്റിലും ഉയരുന്ന ശക്തമായ പൊടിയിൽ വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നാട് നീങ്ങുന്നതും സംബന്ധിച്ച് ജനുവരി 28-ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു.
അന്തസ്സംസ്ഥാന പാതകളിൽനിന്ന് ദേശീയപാതയിലേക്കുള്ള മേൽപ്പാലത്തിന്റെ നിർമാണം ത്വരപ്പെടുത്തുമെന്നും കമ്പനി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള, കർമസമിതി ഭാരവാഹികളായ മൂസ ബി.ചെർക്കള, ഷാഫി ഇറാനി, ബി.എം.ഷറീഫ്, ഹാരിസ് തായൽ, സിദ്ദിഖ് ഫാത്തിമാസ് തുടങ്ങിയവരും മേഘ നിർമാണക്കമ്പനി വിജിലൻസ് ഓഫീസർ വി.കെ.അബ്ദുൾ നിസാർ, എൻജിനീയർമാരായ വിപിൻ തമ്പി, വിജയ് രത്തോർ, ജാനി തുടങ്ങിയവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.

