ഇലക്ട്രിക് വെഹിക്കിൾ ( ഇ ചാർജിംഗ് ) സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

കൊച്ചി : ജില്ലയിലെ രണ്ട് ഇലക്‌ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ശനിയാഴ്ച വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി എം എം മണി അദ്ധ്യക്ഷനാകും. പാലാരിവട്ടം കെ.എസ്.ഇബി. പരിസരത്തും അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡും ചേര്‍ന്ന് എറണാകുളം മേനകയിലും സ്ഥാപിച്ച സ്റ്റേഷനുകളാണിത്.
അതിവേഗ ചാര്‍ജിംഗാണ് പ്രത്യേകത.
കെ.എസ്.ഇ.ബി കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥാപിച്ച സംസ്ഥാനത്തെ മൂന്നാമത്തെ ഇലക്‌ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനാണ് (ഇ.വി.സി.എസ്) പാലാരിവട്ടത്തേത്. 20 കിലോ വാട്ടിലും 60 കിലോ വാട്ടിലും പ്രവര്‍ത്തിക്കും. ഒരേ സമയം രണ്ട് കാറുകള്‍ ചാര്‍ജ് ചെയ്യാം. ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ച് രൂപയാണ് നിരക്ക്. പെട്രോള്‍ പമ്ബിലേതിന് സമാനമായി ഇചാര്‍ജിംഗ് സ്റ്റേഷനുകളിലും ബില്ലിംഗ് കാണാനാകും.
മേനക കെ.ടി.ഡി.സി ടൂറിസ്റ്റ് റിസ്പഷന്‍ സെന്ററിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ഇ ചാര്‍ജിംഗ് സ്റ്റേഷന്‍. ഒരേ സമയം മൂന്ന് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. 60 കിലോ വാട്ട് ഡി.സി ഫാസ്റ്റ് ചാര്‍ജിംഗ് മെഷീന്‍ ഉപയോഗിച്ച് വലിയ വാഹനങ്ങളും 22 കിലോവാട്ട് മെഷീനില്‍ ചെറുവാഹനങ്ങളും ചാര്‍ജ് ചെയ്യാം. ഒരു രൂപ ചെലവില്‍ വാഹന ഉപയോക്താവിന് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും.

