KSDLIVENEWS

Real news for everyone

കാരുണ്യ നിലയ്ക്കുന്നു; ചികിത്സാ കുടിശ്ശികയിൽ മുങ്ങി സ്വകാര്യ മെഡിക്കൽ കോളേജുകൾ, അടുത്തമാസം പിന്മാറും

SHARE THIS ON

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴി സൗജന്യചികിത്സ നൽകിയതിന്റെ പണം കിട്ടാത്തതിനാൽ അടുത്തമാസംമുതൽ പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ. ഓരോ കോളേജിനും 20-30 കോടിരൂപവരെ നൽകാനുണ്ടെന്നാണ് മാനേജ്‌മെന്റ് അസോസിയേഷൻ പറയുന്നത്. ഒരുവർഷത്തിലേറെയായുള്ള കുടിശ്ശികയാണിത്. കുടിശ്ശികയിൽ പകുതിയെങ്കിലും അനുവദിച്ചില്ലെങ്കിൽ പദ്ധതിയിൽനിന്ന് പിന്മാറേണ്ടിവരുമെന്ന കാര്യം അവർ മുഖ്യമന്ത്രിയെ അറിയിച്ചു.

സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധികാരണം കാരുണ്യയുടെ കുടിശ്ശിക ബാങ്കുകൾവഴി ആശുപത്രികൾക്ക് നൽകാനാണ് നേരത്തേ ബിൽ ഡിസ്‌കൗണ്ടിങ് രീതി ആവിഷ്കരിച്ചത്. ചികിത്സച്ചെലവ് കുടിശ്ശികസഹിതം ബാങ്കുകൾവഴി മെഡിക്കൽ കോളേജുകൾക്ക് കൈമാറുകയും പിന്നീട് ബാങ്കുകൾക്ക് പലിശസഹിതം അത് സർക്കാർ മടക്കിനൽകുകയും ചെയ്യുന്ന രീതിയിലാണ് ബിൽ ഡിസ്‌കൗണ്ടിങ് ആവിഷ്കരിച്ചത്.

ബാങ്കുകൾക്ക് നൽകേണ്ട പലിശയിൽ അഞ്ചുശതമാനം വിഹിതം തങ്ങൾ വഹിക്കാമെന്നും മാനേജ്‌മെന്റുകൾ സർക്കാരുമായി ധാരണയുണ്ടാക്കിയിരുന്നു. ഇതിൽനിന്ന് സർക്കാർ പിന്നാക്കംപോയതോടെ ഇപ്പോൾ പണം കിട്ടാത്ത സാഹചര്യമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ വള്ളിൽ പറഞ്ഞു.

പഴയരീതിയിൽ വല്ലപ്പോഴും ചെറിയതുക തവണയായി ലഭിക്കുന്ന രീതിയാണിപ്പോൾ. കോടികൾ കുടിശ്ശികയായതോടെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം നൽകുന്നതടക്കം കോളേജുകളുടെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാണെന്ന് അവർ വ്യക്തമാക്കുന്നു. പണമില്ലാത്തതിനാൽ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും യഥാസമയം വാങ്ങാനാവുന്നില്ല -അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോളേജുകൾ അടക്കം 362 സ്വകാര്യ ആശുപത്രികളിൽ കാരുണ്യ ആരോഗ്യപദ്ധതിവഴിയുള്ള ചികിത്സ നൽകുന്നുണ്ട്. കുടിശ്ശിക നൽകാത്തതിനാൽ സ്വകാര്യ ആശുപത്രികളിൽ പലതും പദ്ധതിയിൽനിന്ന് പിന്നാക്കംപോയി. 43.07 ലക്ഷം കുടുംബങ്ങളിലായി 78,83,794 പേരാണ് കാരുണ്യയുടെ ഗുണഭോക്താക്കളായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!