ഇഷ്ടമുള്ള അത്രയും പണം എണ്ണിയെടുക്കാം, ജീവനക്കാർക്ക് 237 കോടി രൂപ ബോണസായി നൽകി ചൈനീസ് കമ്പനി

ആഘോഷങ്ങളുടേയും മറ്റും ഭാഗമായി കമ്പനികൾ ജീവനക്കാർക്ക് ബോണസ് നൽകുന്നത് പതിവാണ്. എന്നാൽ ഒരു ചൈനീസ് കമ്പനി തങ്ങളുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി നൽകിയ ബോണസ് അറിഞ്ഞാൽ ആരുമൊന്ന് ഞെട്ടിപ്പോകും. ക്രെയ്ൻ നിർമാണ സ്ഥാപനമായ ഹെനാൻ കുവാങ്ഷാൻ ക്രെയ്ൻ കമ്പനി ജീവനക്കാർക്ക് നൽകിയത് 180 ദശലക്ഷം യുവാനാണ്. അതായത് ഏകദേശം 237 കോടി രൂപ.
എന്നാൽ ഇത് വിതരണം ചെയ്തത് വ്യത്യസ്തമായ രീതിയിലായിരുന്നു. കറൻസി നോട്ടുകൾ കൂട്ടിയിട്ട മേശകൾക്ക് അരികിലേക്ക് ജീവനക്കാരെ ക്ഷണിച്ച് അവരോട് പണം എണ്ണിയെടുക്കാൻ പറയുകയായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിൽ എണ്ണിയെടുത്ത കറൻസികളെല്ലാം അവർക്ക് സ്വന്തമാകും. 800 വിരുന്ന് മേശകളുള്ള ഈ ഗംഭീര ചടങ്ങിൽ ഏകദേശം ഏഴായിരം ആളുകൾ പങ്കെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
നീണ്ട മേശകളിൽ നിരത്തിയ നോട്ടുകെട്ടുകൾ തിരക്കിട്ട് എണ്ണുന്ന തൊഴിലാളികളെയും കെട്ടുകളായി കൂട്ടിയ പണവുമായി വേദിയിൽ നിന്ന് ഇറങ്ങാൻ പാടുപെടുന്നവരെയും വീഡിയോയിൽ കാണാം. മുൻ വർഷങ്ങളിൽ കമ്പനി നെക്ക്‌ളേസും മോതിരങ്ങളും രണ്ടര ലക്ഷം രൂപ വീതവും സമ്മാനിച്ചെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
130-ൽ അധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഹെനാൻ കുവാങ്ഷാൻ ക്രെയിനുകളുടെയും മെറ്റീരിയൽ ഹാൻഡലിംഗ് ഉപകരണങ്ങളുടെയും പ്രമുഖ നിർമ്മാതാവും സേവന ദാതാവുമാണ്. കമ്പനി ഓഹരിയുടെ ഏകദേശം 98.88 ശതമാനവും ചെയർമാനായ ക്യുഇ പെയ്ജുന്റെ പേരിലാണ്. 2024-ൽ ജീവനക്കാർക്ക് 170 ദശലക്ഷം യുവാനാണ് വിതരണം ചെയ്തത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ 2,000 വനിതാ ജീവനക്കാർക്ക് ഏകദേശം 1.6 ദശലക്ഷം യുവാൻ ബോണസായി നൽകി.
ഈ പ്രവൃത്തി ഉദാരതയേക്കാൾ കൂടുതൽ യുവ തൊഴിലാളികൾ നേരിടുന്ന സമ്മർദ്ദം ലഘൂകരിക്കാനുള്ളതാണെന്ന് ക്യുഇ പെയ്ജുൻ വ്യക്തമാക്കി. ചൈനയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമ്പനിയെയും നേതൃത്വത്തെയും അഭിനന്ദിച്ചു. ‘ഇത് പരസ്യത്തേക്കാൾ ഫലപ്രദമല്ലേ? ജീവനക്കാരെ നന്നായി പരിഗണിക്കൂ, അവർ കൂടുതൽ കഠിനാധ്വാനം ചെയ്യും, ഗുണനിലവാരം ഉറപ്പാക്കും.’-ഒരു ഉപയോക്താവ് കുറിച്ചു. ഇങ്ങനെ ബോണസ് നൽകിയാൽ ഏതൊരാളും ഇവിടെ ജോലി ചെയ്യാൻ ഇഷ്ടപ്പെടും എന്നായിരുന്നു മറ്റൊരു പ്രതികരണം.

