KSDLIVENEWS

Real news for everyone

ഖമനേയി കൊല്ലപ്പെട്ടെന്ന് ട്രംപ്, നിരീക്ഷിച്ചത് നൂതനസംവിധാനത്തിലൂടെ, ഒറ്റദിവസം കൊണ്ട് വൻനാശം വരുത്തി

SHARE THIS ON

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ഖമനേയി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിരുന്നു. എന്നാൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഖമേനിയുടെ മരണം സ്ഥിരീകരിച്ചത്. ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളായ ഖമനേയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനേയിയുടെ ക്രൂരതയ്ക്ക് ഇരയായ അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള മറ്റുള്ളവർക്കും ലഭിച്ച നീതിയാണ്,’ ട്രംപ് കുറിച്ചു. നൂതനമായ ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനേയിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും ഇസ്രയേലുമായി സഹകരിച്ച് നടത്തിയ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലുമായി നടത്തിയ നീക്കത്തിൽനിന്ന് ഖമനേയിക്ക് സ്വയം രക്ഷപ്പെടാനോ കൂടെ കൊല്ലപ്പെട്ടവരെ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല. ഇറാൻ റെവല്യൂഷണറി ഗാർഡ്, സൈന്യം തുടങ്ങി പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും തങ്ങളിൽനിന്ന് സംരക്ഷണം തേടുകയാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ട്രംപ് പറഞ്ഞു. ഖമനേയിയുടെ മരണം മാത്രമല്ല, വെറും ഒരുദിവസംകൊണ്ട് ആ രാജ്യം വലിയ രീതിയിൽ നശിപ്പിക്കപ്പെടുകയും ചെയ്‌തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഖമനേയിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉൾപ്പെടുന്ന സമുച്ചയത്തിന് നേരെ 30 ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഖമേനി ഒരു ഭൂഗർഭ ബങ്കറിലായിരുന്നുവെന്നും എന്നാൽ ആക്രമണത്തെ അതിജീവിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലാകെ സംഘർഷം പടർന്നു. ഇസ്രായേലിന് പുറമെ ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെയും ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിന്റെ വക്കിലാണ്. 1989-ൽ റുഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമനേയി അധികാരമേറ്റത്. കഴിഞ്ഞ 36 വർഷമായി ഇറാനിലെ അവസാന വാക്ക് ഖമനേയിയുടേതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!