റഷ്യയുടെ പക്കൽനിന്ന് എണ്ണ വാങ്ങാം: ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവനുവദിച്ച് യു.എസ്

ന്യൂഡൽഹി: റഷ്യയുടെ പക്കൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് നൽകി യുഎസ്. വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്. മാർച്ച് 5, 2026 മുതൽ കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വിൽപനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസൻസ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ പ്രസ്താവനയിൽ പറഞ്ഞു. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുവെച്ച കപ്പലുകളിൽ നിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്. 2026 ഏപ്രിൽ 3 വരെയാണ് ഇളവ് അനുവദിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.
പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ആഗോള ഊർജ വിപണി സുസ്ഥിരമാക്കാൻ യുഎസ് ഭരണകൂടം ശ്രമിക്കുന്നതിനിടയിലാണ് ഈ നീക്കം. ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, സെക്രട്ടറി ബെസ്സെന്റ് ഇന്ത്യ യുഎസിന്റെ അവശ്യപങ്കാളിയാണെന്നും വിശേഷിപ്പിച്ചു.
“പ്രസിഡന്റ് ട്രംപിന്റെ ഊർജ അജണ്ട എണ്ണ, വാതക ഉത്പാദനം എക്കാലത്തെയും ഉയർന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുവദിക്കുന്ന 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല, കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ. ഇന്ത്യ അമേരിക്കയുടെ ഒരു പ്രധാന പങ്കാളിയാണ്, ന്യൂഡൽഹി യുഎസ് എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന് ഞങ്ങൾ പൂർണമായി പ്രതീക്ഷിക്കുന്നു. ഇറാൻ ആഗോള ഊർജമേഖലത്തെ ബന്ദിയാക്കാൻ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന സമ്മർദം ഈ താത്ക്കാലിക നടപടി ലഘൂകരിക്കും,” ബെസ്സെന്റ് എക്സ് പോസ്റ്റിൽ കുറിച്ചു.
യുക്രൈനിലെ റഷ്യയുടെ ആക്രമണത്തിന്മേൽ റഷ്യയെ സമ്മർദത്തിലാക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ നവംബറിൽ റഷ്യൻ എണ്ണ കമ്പനികളായ ലൂക്കോയിലിനും റോസ്നെഫ്റ്റിനും ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎസ് തീരുവകളിൽ നിന്നുള്ള ഒഴിവ് ലക്ഷ്യമാക്കി റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ജനുവരിയിൽ പ്രതിദിനം ഏകദേശം 1.1 ദശലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇത് 2022 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. മൊത്തം എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ ഓഹരി 21.2% ആയി കുറയുകയും ചെയ്തു. അതേസമയം ഫെബ്രുവരിയിൽ എണ്ണ ഇറക്കുമതി ഏകദേശം 30% ആയി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
ഗൾഫിലെ പ്രധാന എണ്ണപ്പാടങ്ങളിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ മധ്യേഷ്യയിലുടനീളം എണ്ണ ഉത്പാദനത്തെ ബാധിച്ചു. ലോകത്തിലെ 20% എണ്ണ വിതരണം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം സ്ഥിതി കൂടുതൽ വഷളാക്കുന്നു. സൗദി അരാംകോയുടെ റാസ് തനൂറ റിഫൈനറിയും ഇറാഖിന്റെ റുമൈല എണ്ണപ്പാടവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിക്കപ്പെട്ടു. ലോകത്തിലെ പ്രധാന എണ്ണ വിതരണ യൂണിറ്റുകളാണ്ല ഇവ. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ യുഎസും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധം എണ്ണ വില വർധിപ്പിച്ചിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഇന്ന് രാവിലെ ബാരലിന് 83.07 ഡോളറായി ഉയർന്നു. ആഗോള വില വർധന ഉണ്ടായിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധപ്പിക്കാൻ സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

