KSDLIVENEWS

Real news for everyone

കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടം നിർമാണം രണ്ടാഴ്ചയ്ക്കകം തുടങ്ങിയേക്കും

SHARE THIS ON

കാസർകോട്: 10 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണം രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ഏൽപ്പിച്ചാണ് പുതുക്കിയ ടെൻഡർ നടപടികൾ നടത്തിയത്. നേരത്തേയുള്ള കരാറിൽ ചില പുതുക്കലോടെ ഒപ്പുവച്ചായിരിക്കും കിറ്റ്കോ മുഖേന നിർമാണം പുനരാരംഭിക്കുക. 

നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ആശുപത്രി ബ്ലോക്കിന് 91 കോടി രൂപ അനുവദിച്ചിരുന്നത്. അതിൽ 50 കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തിയായത്. നിശ്ചിത സമയ പരിധിക്കുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയാത്തത് നബാർഡിൽ നിന്നു 41 കോടി രൂപ ലഭിക്കുന്നതിനു തടസ്സമായി. ഇതെത്തുടർന്ന് മറ്റു നിർമാണ പ്രവർത്തികളിലുൾപ്പെടെ ഏതാനും മാറ്റം വരുത്തി കിഫ്ബി അനുവദിച്ച ഫണ്ടിൽ തന്നെ നിർമാണം പുനരാരംഭിക്കുന്നതിന് ധാരണയാവുകയായിരുന്നു. 

ആശുപത്രിക്കെട്ടിടം പണി പൂർത്തിയാക്കാത്തതു കാരണം മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സ ആരംഭിച്ചിരുന്നില്ല. ഇതുകാരണം എംബിബിഎസ് കോഴ്സ് ഇവിടെ ആരംഭിച്ചപ്പോഴും ടീച്ചിങ് ആശുപത്രിയായി ഉപയോഗപ്പെടുത്തിയത് കാസർകോട് ജനറൽ ആശുപത്രിയെ ആണ്. അക്കാദമിക് ബ്ലോക്ക് മാത്രമാണ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇവിടെ എംബിബിഎസ് ക്ലാസുകളും സമീപത്തെ കെട്ടിടത്തിൽ ഒപി വിഭാഗവും പ്രവർത്തിച്ചുവരികയാണ്. 10 വർഷമായി മുടങ്ങിക്കിടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ പണി എത്രയും വേഗം തുടങ്ങി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമയത്ത് ഉയരാനിടയുള്ള വിമർശനങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2024ൽ നോൺ ടീച്ചിങ് സ്റ്റാഫ്, ലൈബ്രറി, സ്റ്റുഡന്റ്സ് ഹോസ്റ്റൽ എന്നിവയുടെ നിർമാണത്തിന് 160 കോടി രൂപ കിഫ്ബി ഫണ്ടിൽ അനുവദിച്ചിരുന്നു. കാസർകോട് വികസന പാക്കേജിലുൾപ്പെടെ തുക വകയിരുത്തിയാണ് മറ്റു ചില ബ്ലോക്കുകളുടെ നിർമാണം പൂർത്തിയായത്. വൈദ്യുതീകരണം, ആശുപത്രി സാമഗ്രികൾ എത്തിക്കുക, വിവിധ കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയ വിവിധ പ്രവൃത്തികൾ പല ഘട്ടത്തിലാണ്. ആശുപത്രി ബ്ലോക്ക് നിർമാണം ഉടൻ പൂർത്തിയാക്കി കിടത്തിച്ചികിത്സ തുടങ്ങുകയെന്നതാണ് നിലവിൽ പ്രധാന ലക്ഷ്യമായി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!