അരമണിക്കൂർ ഇടവിട്ട് സ്ഫോടന ശബ്ദങ്ങൾ, തകർന്ന കെട്ടിടങ്ങൾ..; ആശങ്കയുടെ ദിനങ്ങൾ താണ്ടി വീടണഞ്ഞ് സോണി

പുതുപ്പള്ളി: ദിവസങ്ങൾ നീണ്ട ആശങ്കയ്ക്കൊടുവിൽ വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണു പുതുപ്പള്ളി കൈപ്പനാട്ടുപടി സ്വദേശി വയലാറ്റുപടി സോണി ആന്റണി (56). ഇറാനിലെ യുദ്ധം മൂലം നാട്ടിലേക്കു വരാൻ ശ്രമിക്കുന്നതിനിടെ അസർബൈജാൻ അതിർത്തിയിൽ സോണി കുടുങ്ങിയിരുന്നു. തുടർന്ന് വീട്ടിലേക്കു ബന്ധപ്പെടാനാകാതെ പ്രയാസത്തിലായിരുന്നു. 19ന് ഉച്ചയ്ക്ക് സോണി വീട്ടിലെത്തി. ഇറാനിലെ സ്വകാര്യ കമ്പനിയിൽ പാക്കിങ് മെഷീൻ എൻജിനീയറായിരുന്നു സോണി.
അപകടകരമായ യാത്ര
ഇറാനിലെ ചാബഹാറിലായിരുന്നു സോണി ആന്റണിയുടെ ജോലി. മാർച്ച് 13ന് നാട്ടിലേക്ക് വരാനിരിക്കെ യുദ്ധസാഹചര്യം രൂക്ഷമായതോടെ കമ്പനി ഉടമയോട് മുൻകൂട്ടി യാത്രയ്ക്ക് അനുമതി തേടുകയായിരുന്നു. അനുമതി ലഭിച്ചതോടെയാണു മാർച്ച് ഒന്നിന് നാല് ശ്രീലങ്കൻ പൗരന്മാരോടൊപ്പം അസർബൈജാനിലേക്ക് യാത്രതിരിച്ചത്. ബോർഡർ വീസ ഉണ്ടായിരുന്നുവെങ്കിലും എക്സിറ്റ് കോഡ് ലഭിച്ചിരുന്നില്ല. ഇതോടെ ശ്രീലങ്കൻ പൗരന്മാർ അതിർത്തി കടന്നപ്പോൾ താനവിടെ കുടുങ്ങുകയായിരുന്നുവെന്ന് സോണി പറഞ്ഞു.
ടെഹ്റാനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടപ്പോൾ അസർബൈജാൻ വഴി യാത്ര സാധ്യമല്ലെന്നും അർമേനിയ വഴി പോകണമെന്നും നിർദേശം ലഭിച്ചു. കഠിനമായ തണുപ്പിൽ (ഏകദേശം 8 ഡിഗ്രി സെൽഷ്യസ്) ശരീരം വിറയ്ക്കുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും ടെഹ്റാനിലേക്ക് മടങ്ങി. ഹോട്ടലിൽ താമസിച്ച് എംബസിയുടെ നിർദേശങ്ങൾ കാത്തിരിക്കുകയായിരുന്നു. ‘തിടുക്കപ്പെടരുത്, സുരക്ഷിതമായി മടങ്ങാൻ കഴിയും.’ എന്ന എംബസിയുടെ ഉറപ്പ് വലിയ ആശ്വാസമായി.
അർമീനിയ വഴി മടക്കം
എംബസിയുടെ നിർദേശപ്രകാരം അഞ്ചാം ദിവസം അർമീനിയയിലെ ജോൾഫയിൽ എത്തി ഹോട്ടലിൽ താമസിച്ചു. തുടർന്ന് മാർച്ച് 15നാണ് ബോർഡർ കടന്നു നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. 16ന് പുലർച്ചെ നാലു മണിയോടെ മുംബൈയിൽ എത്താൻ കഴിഞ്ഞതായും സോണി പറഞ്ഞു. തുടർന്നു ബന്ധുവീട്ടിൽ താമസിച്ചു. പിന്നീട് ട്രെയിനിൽ യാത്ര ചെയ്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ആണ് പുതുപ്പള്ളിയിലെ വീട്ടിലെത്തിയത്.
കമ്പനി കാറും ഡ്രൈവറും
യാത്രയ്ക്കിടെ കമ്പനി കാറും ഡ്രൈവറെയും നൽകിയിരുന്നു. ഏകദേശം 10 ദിവസം ഡ്രൈവർ കൂടെയുണ്ടായിരുന്നത് വലിയ ആശ്വാസമായി. ഭയം തോന്നിയിരുന്നില്ലെന്ന് സോണി പറഞ്ഞു. ‘ആത്മവിശ്വാസം ഉണ്ടായിരുന്നു. എല്ലാം നന്നായി നടക്കുമെന്ന ബോധ്യവും’– സോണി പറഞ്ഞു.
സ്ഫോടന ശബ്ദം മാത്രം
ചാബഹാറിൽ യുദ്ധത്തിന്റെ നേരിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും, അരമണിക്കൂർ ഇടവിട്ട് സ്ഫോടന ശബ്ദങ്ങൾ കേൾക്കാമായിരുന്നു. നാട്ടിലേക്കുള്ള മടക്കയാത്രയുടെ ഭാഗമായുള്ള കാർ യാത്ര ടബ്രിസിൽ എത്തിയപ്പോൾ കെട്ടിടങ്ങൾ തകർന്ന നിലയിൽ കണ്ടു. പല സ്ഥലങ്ങളിലും സാധാരണ ജീവിതം തുടർന്നിരുന്നു. കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. ചാബഹാറിൽ സ്ഫോടന ശബ്ദം കേട്ട ദിനങ്ങളിൽ മാത്രം ‘അന്തരീക്ഷം ഇരുണ്ടുപോയതുപോലെ തോന്നി’ എന്ന് സോണി പറയുന്നു.
പലരും കാത്തിരിക്കുന്നു
ഒടുവിൽ സോണി ആന്റണി സുരക്ഷിതമായി വീട്ടിലെത്തിയതോടെ ഭാര്യ സ്മിതയും അമ്മ ഏലിയാമ്മ ആന്റണി (81)യും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ വലിയ ആശ്വാസത്തിലാണ്. അതേസമയം, ലഡാക്കിൽ നിന്നുള്ള ഏകദേശം 150 തീർഥാടകർ ഇപ്പോഴും ടെഹ്റാനിൽ മടക്കയാത്രയ്ക്കായി കാത്തിരിക്കുകയാണെന്ന് സോണി പറഞ്ഞു.

