രാജീവ് ചന്ദ്രശേഖരന്റേത് വർഗീയ ധ്രുവീകരണ ശ്രമം: എസ് എം ബഷീർ റസ്’വി

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ ഉയർത്തിയ പരാമർശങ്ങൾ കേരളത്തിന്റെ മതേതര സ്വഭാവത്തെ വെല്ലുവിളിക്കുന്നതും വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതുമാണെന്ന് പിഡിപി സംസ്ഥാന സമിതി അംഗം എസ്.എം ബഷീർ അഹ്‌മദ് റസ്’വി ആരോപിച്ചു.
മുസ്ലിംകളുടെ വിശുദ്ധ ആരാധനാ കേന്ദ്രവും ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രവുമായ മസ്ജിദ് അൽ-ഹറാം സ്ഥിതി ചെയ്യുന്ന മക്കയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ഉന്നയിക്കുന്നത് ഒരു പ്രത്യേക മതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പരമ്പരാഗതമായി നിലനിന്നുവരുന്ന മത സൗഹൃദവും സഹവർത്തിത്വവും തകർക്കാനുള്ള ശ്രമമാണ് ഇതെന്നും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്ന രീതിയിൽ മതാധിഷ്ഠിത രാഷ്ട്രീയ ചേരിതിരിവുകൾ സൃഷ്ടിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വഴിയൊരുക്കുക എന്നതാണ് ബിജെപിയുടെ ദീർഘകാല തന്ത്രമെന്നും ബഷീർ റസ്വി ആരോപിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ “പോളറൈസേഷൻ മോഡൽ” കേരളത്തിലേക്കും കൊണ്ടുവരാനുള്ള നീക്കമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് സമയങ്ങളിൽ വിവാദപരമായ പ്രസ്താവനകൾ ഉന്നയിച്ച് സമൂഹത്തിൽ ഭിന്നത വളർത്തുകയും അതിലൂടെ തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുകയും ചെയ്യുക എന്നതാണ് ബിജെപി സ്വീകരിക്കുന്ന രീതിയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം ഉൾപ്പെടെ വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ ബിജെപി രാഷ്ട്രീയമായി ശക്തിപ്രാപിക്കാനാകാത്ത സാഹചര്യത്തിൽ, മത-സാമുദായിക വികാരങ്ങൾ ഉണർത്തി പുതിയ വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി.
കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരം, പ്രത്യേകിച്ച് മതേതരത്വം, സാമൂഹിക ഐക്യം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ഇത്തരം രാഷ്ട്രീയ അജണ്ടകൾക്കെതിരെ എല്ലാ മതേതര ശക്തികളും ഒന്നിച്ച് നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ തന്ത്രങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്നും, ജനങ്ങൾ ഇത്തരം ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

